തുടർച്ചയായി രണ്ടാം വർഷവും നെൽകൃഷിയിൽ നിന്നും നേട്ടം കൊയ്ത് പാലക്കാട് ലക്കിടി ജെ.സി.ഇ.ടി വിദ്യാർഥികൾ. മംഗലം പഞ്ചായത്തിലെ കുണ്ടിൽ പാടശേഖരത്ത് രണ്ടാം വർഷ അഗ്രിക്കൾച്ചർ വിദ്യാർഥികൾ 2200 കിലോ നെല്ലാണ് വിളയിച്ചത്.
2025 സെപ്റ്റംബറിലാണ് ഉമ നെൽ വിത്തുകൾ പാടത്തിറക്കിയത്. ഞാറ്റടി ഒരുക്കലും ട്രാൻസ്‌പ്ലാന്റർ എന്ന നടീൽ യന്ത്രം ഉപയോഗിച്ചുള്ള ഞാർ നടീലും വളപ്രയോഗവും കൊയ്ത്ത് തുടങ്ങിയതുമെല്ലാം വിദ്യാർഥികൾ. അതും ജൈവ രീതികൾ മാത്രം ഉപയോഗിച്ച്. കുട്ടി എൻജിനീയർമാർ കുട്ടികർഷകരായപ്പോൾ വിളഞ്ഞത് 2.2 ക്വിന്റൽ നെല്ല്.
കോഴ്സിന്‍റെ ഭാഗമായാണ് കൃഷിയിടത്തേക്ക് ഇറങ്ങിയതെങ്കിലും കൃഷിയിൽ പൂർണമായും ആത്മസമർപ്പണം നടത്തിയാണ് വിദ്യാർത്ഥി സംഘം വിജയം കൊയ്തത്. കഴിഞ്ഞ വർഷം മുതലാണ് വിദ്യാർഥികൾ കൃഷിയിലെ യഥാർഥ അനുഭവങ്ങൾ തേടിയുള്ള യാത്രക്ക് തുടക്കമിട്ടത്. കോളജ് അങ്കണത്തിൽ പയറും വെണ്ടയും മത്തനും നട്ടായിരുന്നു കൃഷിയുടെ തുടക്കം. കുട്ടികളുടെ കാർഷിക ആവേശം കണ്ടറിഞ്ഞതോടെ കുണ്ടിൽ പാടത്തെ രണ്ടേക്കർ പാടം നെഹ്‌റു ഗ്രൂപ് വാങ്ങി നെൽകൃഷിക്കായി വിട്ടുനൽകുകയായിരുന്നു.