പാലക്കാട് കൊല്ലങ്കോട് വന്‍ സ്വര്‍ണക്കവര്‍ച്ച. അടച്ചിട്ട വീടിന്‍റെ വാതില്‍ പൊളിച്ച് . കൊല്ലങ്കോട് ഊട്ടറ വാട്ടയാറിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ നിന്നുള്ള മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

നരേഷ് കുമാറും കുടുംബവും തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ സമയത്താണ് വീട്ടില്‍ മോഷണം നടക്കുന്നത്. രാത്രി വീടിന്‍റെ മുന്‍വാതിലിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്.

44.5 പവന്‍ സ്വര്‍ണവും 30 ഗ്രാം വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടു. ആറു മാസം മുന്‍പാണ് ലോക്കറില്‍ നിന്ന് ആഭരണങ്ങള്‍ വീട്ടിലേക്ക് മാറ്റിയത്. ഇപ്പോഴത്തെ വിലവച്ച് നോക്കുമ്പോള്‍ ഏതാണ്ട് 49 ലക്ഷം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.

മോഷ്ടാവ് മുഖം മറച്ച് ബാഗുമായി വരുന്നതും കവര്‍ച്ച നടത്തി തിരികെ പോകുന്നതുമായ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സൂചനകളില്‍ നിന്ന് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഫൊറന്‍സിങ് സംഘം ഇവിടെയെത്തി തെളിവെടുത്തു.

ചിറ്റൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രദേശത്തെ സിസിടിവി ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് പരിശോധന. സ്വര്‍ണത്തിന് വില കൂടിയതോടെ മോഷണം വര്‍ധിക്കുന്നതിനാല്‍ വീട് പൂട്ടിപോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ENGLISH SUMMARY:

Palakkad gold theft is the focus of a police investigation following a major robbery in Kollamkode where a locked house was broken into. Stolen items included 44.5 sovereign gold ornaments and 30 grams of silver, valued at approximately 49 lakh rupees at current market prices.