മലമ്പുഴയിലും ഒറ്റപ്പാലത്തും കോൺഗ്രസിന് പുറത്തു നിന്നുള്ളവർക്ക് സീറ്റ് നൽകാനുള്ള നീക്കത്തിൽ പാലക്കാട്ടെ പ്രാദേശിക നേതാക്കൾക്ക് കടുത്ത അതൃപ്തി. കോൺഗ്രസ് മൂന്നാം സ്ഥാനത്തുള്ള മലമ്പുഴയിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി ഇല്ലെങ്കിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചിട്ടും കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലമാണ് മലമ്പുഴ. ഇക്കുറി വി.എസിന്റെ മുൻ പി.എ , എ.സുരേഷ് യുഡിഎഫ് സ്വതന്ത്രനായി കളത്തിൽ ഇറങ്ങുമെന്ന സൂചനകൾ ശക്തമാണ്.

എന്നാൽ കൈപ്പത്തി ചിഹ്നം ഒഴിവാക്കി പൊതു സ്വതന്ത്രരെ പരീക്ഷിക്കാനുള്ള നീക്കം പാർട്ടിയുടെ സാധ്യതകളെ ദുർബലപ്പെടുത്തുമെന്നാണ് പ്രാദേശിക വികാരം. രണ്ടാം സ്ഥാനത്തുള്ള ബിജെപിയെ സഹായിക്കാനേ ഇത് ഉപകരിക്കൂ എന്നാണ് വിലയിരുത്തൽ.  

ഒറ്റപ്പാലത്തും ഇതേ വികാരമാണ് പ്രാദേശിക നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. പി.കെ.ശശി വിമത കൂട്ടായ്മയുടെ ഭാഗമായിക്കൊണ്ട് യുഡിഎഫ് പിന്തുണ നൽകിയാലും വിജയ സാധ്യത കുറവെന്നാണ് കണക്കുകൂട്ടൽ. കെപിസിസി സെക്രട്ടറി പി.ഹരിഗോവിന്ദന് വേണ്ടിയാണ് ഒരു വിഭാഗം വാദിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച്  കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ഡിസിസി പ്രസിഡൻ്റിന് കത്തും നൽകിയിരുന്നു.

പാർട്ടിക്ക് പുറത്ത് നിന്നുള്ള ആളുകളെ മത്സരിപ്പിക്കുന്നത് വാശിയേറിയ പോരാട്ടത്തിനുള്ള സാധ്യത പോലും ഇല്ലാതാക്കുമെന്നാണ് ജില്ലയിലെ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെയും വിലയിരുത്തൽ.

ENGLISH SUMMARY:

Palakkad Congress leaders are highly dissatisfied with the move to give seats to outsiders in Malampuzha and Ottapalam constituencies. This strategy, if the Congress symbol is not used in Malampuzha where the party is in third place, is expected to benefit the BJP.