പാലക്കാട്ട് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന ഉറപ്പില്‍ കോണ്‍ഗ്രസും ബിജെപിയും. അഞ്ചുമണ്ഡലങ്ങളെങ്കിലും പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെയും കണക്കുകൂട്ടല്‍. സാധ്യതാ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് മുന്നണികളുടെ നീക്കം.
2020 ലേക്കാള്‍ 14 പഞ്ചായത്തുകളും 2 നഗരസഭകളും 2 ബ്ലോക്ക് പഞ്ചായത്തുകളും 8 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമാണ് ജില്ലയില്‍ UDF നേടിയത്. മാസങ്ങള്‍ക്കിപ്പുറം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും ആത്മവിശ്വാസം ഇരട്ടിയാക്കുന്നതും ഈ കണക്ക്. തൃത്താല, പട്ടാമ്പി, ചിറ്റൂര്‍, കോങ്ങാട് മണ്ഡലങ്ങള്‍ പിടിക്കാനും മണ്ണാര്‍ക്കാട്, പാലക്കാട് മണ്ഡലങ്ങള്‍ നിലനിര്‍ത്താനാകുമെന്നാണ് UDF പ്രതീക്ഷ.
തൃത്താല പഞ്ചായത്ത് പിടിക്കാനായതോടെ കഴിഞ്ഞ തവണ മൂവായിരത്തോളം വോട്ടുകള്‍ക്ക് നഷ്‌ടമായ തൃത്താല മണ്ഡലം തിരിച്ചെടുക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. പട്ടാമ്പി നിയമസഭാ മണ്ഡലത്തില്‍ പെട്ട നാലു പഞ്ചായത്തുകളും നഗരസഭയും പിടിച്ചെടുക്കാന്‍ UDF നായി. ചിറ്റൂര്‍ നഗരസഭയും കൊഴിഞ്ഞമ്പാറയും ജയിക്കാനായതാണ് ചിറ്റൂര്‍ മണ്ഡലത്തിലെ പ്രതീക്ഷ. യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം ആവര്‍ത്തിക്കാനാകുമെന്ന് വി.ടി ബല്‍റാം
ഒറ്റപ്പാലത്തും ഷൊര്‍ണൂരും പ്രതിപക്ഷ സ്ഥാനത്തെത്തിയതും അകത്തേത്തറ പഞ്ചായത്ത് പിടിക്കാനായതും ബിജെപിക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. മലമ്പുഴ പഞ്ചായത്തിലും ബിജെപി രണ്ടാം സ്ഥാനത്തുണ്ട്. പാലക്കാടിനു പുറമേ മലമ്പുഴ മണ്ഡലത്തിലാണ് ബിജെപി കണ്ണുവെക്കുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ സാഹചര്യം മാറുമെന്നും എല്‍ ഡി എഫിനു ഒരു കോട്ടവും സംഭവിക്കില്ലെന്നും സിപിഎം നേതൃത്വം പറയുന്നുണ്ട്.