നഷ്ടപ്പെട്ടതിന് പകരമാകില്ലെങ്കിലും ഒൻപത് വയസുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിൽസാപ്പിഴവിനെ തുടർന്ന് വലത് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് കൃത്രിമ കൈ പിടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ചെലവുവഹിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 24. വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ വീണു പരിക്കേറ്റ ഒൻപതു വയസുകാരി വിനോദിനിയെ ആദ്യം എത്തിച്ചത് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കായിരുന്നു. ചികിൽസയ്ക്കിടെ വിനോദിനിയുടെ വലത് കൈയിൽ ശക്തമായ നീർക്കെട്ട് രൂപപ്പെട്ടു. സ്ഥിതി ഗുരുതരമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അണുബാധ സ്ഥിതി ഗുരുതരമാക്കിയിരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാനായി ഒടുവിൽ ഡോക്ടർമാർ വലത് കൈ മുറിച്ചുമാറ്റി. ചികിൽസാപ്പിഴവിൽ നീതിക്കായുള്ള പോരാട്ടത്തിനിടെ വിനോദിനിയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കിയ പ്രതിപക്ഷ നേതാവാണ് കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവൻ ചിലവും ഏറ്റെടുത്തത്. കൃത്രിമ കൈയിൽ ഒരു കെട്ട് പൂക്കളുമായാണ് തന്നെ കാണാനെത്തിയ പ്രതിപക്ഷ നേതാവിനെ വിനോദിനി ചെറുപുഞ്ചിരിയോടെ സ്വീകരിച്ചത്.
ജീവിതത്തിലേക്കുള്ള തിരിച്ചുവരവിൽ വലിയ പ്രതീക്ഷയിലാണ് വിനോദിനി. മാസങ്ങൾ നീണ്ട വേദനയ്ക്ക് ഒരുപരിധിവരെയെങ്കിലും ആശ്വാസം കണ്ടെത്താൻ കഴിഞ്ഞ മുഖവുമായി കുടുംബാംഗങ്ങൾ അവളെ ചേർത്തുപിടിച്ചു.