പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചൂടു പിടിക്കുന്നു. മൂന്നു മുന്നണികളും ഉടന്‍ പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക പുറത്തു വിടും. പാലക്കാട് നഗരസഭയില്‍ ബിജെപിക്കായി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ മല്‍സരിച്ചേക്കും. പൊരിഞ്ഞ പോരിനാണ് ഇത്തവണ പാലക്കാട് സാക്ഷിയാകുന്നത്. മൂന്നു മുന്നണികള്‍ക്കും അതി നിര്‍ണായകമാണ് പാലക്കാട് നഗരസഭ. 

പഞ്ചായത്ത്, മുന്‍സിപ്പല്‍, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനു വ്യക്തമായ മേല്‍കോയ്‌മയുള്ള ജില്ലയില്‍ യുഡിഎഫും എന്‍.ഡി.എയും ശക്തമായി ഒരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച നേട്ടമാണ് എല്‍.ഡി.എഫിന്‍റെ പ്രതീക്ഷ. 20 ല്‍ നേടിയതിനേക്കാള്‍ നേട്ടം ഇത്തവണയുണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാരിനു ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായിരിക്കുമെന്നും സിപിഎം വിശ്വസിക്കുന്നു. 

അഞ്ചു നഗരസഭകളും നാല്‍പതിലധികം പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തിലെ നേട്ടവും യുഡിഫ് ലക്ഷ്യം വെക്കുന്നുണ്ട്. പാലക്കാടന്‍ കോട്ട മുറുക്കെ പിടിക്കുന്നതിനൊപ്പം ജില്ലയിലെ 88 പഞ്ചായത്തുകളിലും സാന്നിധ്യമുറപ്പിക്കാനാണ് ബിജെപി യത്‌നം. നഗരസഭയില്‍ ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവന് മല്‍സരിച്ചേക്കും. മല്‍സരിക്കുമോ എന്ന ചോദ്യത്തിനു എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി.

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും മുറുമുറുപ്പും മുന്നണികള്‍ക്കുള്ളിലുണ്ട്. വിമത ഭീഷണിയും ഗ്രൂപ്പ് പോരും ചൂടുപിടിക്കുന്നുണ്ട്. വരും മണിക്കൂറുകളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ന‍ടത്തി മുന്നേറ്റം വേഗത്തിലാക്കാനുള്ള തീവ്രശ്രമത്തിലാണ് എല്ലാവരും. 

ENGLISH SUMMARY:

Palakkad election heats up as political parties gear up for local body polls. The election is expected to be fiercely contested, with all major parties vying for victory in the municipality and other local bodies.