സംസ്ഥാന നേതൃത്വം നിരന്തരം ഇടപെട്ടിട്ടും പരിഹരിക്കാനാവാത്ത വിഭാഗീയതയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സിപിഎമ്മിന്റെ തലവേദന. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള വിമതർ ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചയാണ് നാട്ടിൽ.
കൊഴിഞ്ഞമ്പാറ, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിനു ഭരണം. ഏരിയ കമ്മറ്റി അംഗമായിരുന്ന എം. സതീഷിനെ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റുമാക്കി. ആദ്യം നല്ല നിലയിൽ മുന്നോട്ട് പോയെങ്കിലും പിന്നീട് അസ്വാരസ്യമായി, വിഭാഗീയതായി. സതീഷിന്‍റെ നേതൃത്വത്തിൽ മാർക്സിറ്റ് ജനാധിപത്യ കൂട്ടായ്മ എന്ന സംഘടന രൂപീകരിച്ചു ഇത്തവണ ഒറ്റക്ക് പോരിനിറങ്ങാനാണ് നീക്കം. ജില്ലാ സെക്രട്ടറി അടക്കം സിപിഎമ്മിലെ ചില നേതാക്കൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ഒറ്റികൊടുത്തുവെന്നാണ് വിമതരുടെ ആരോപണം.
പഞ്ചായത്തിലെ 7 CPM മെമ്പര്‍മാരിൽ പ്രസിഡന്‍റ് ഉൾപെടെ 4 പേരും വിമതപക്ഷത്താണ്. കഴിഞ്ഞ ദിവസം ഇവർ പ്രകടനവും പൊതുസമ്മേളനവും നടത്തി. ഇത്തവണ പഞ്ചായത്ത് ഭരണം നേടുമെന്ന് ഉറപ്പിച്ചു പറഞ്ഞു. മത്സരം UDF ഉം LDF ഉം തമ്മിലാണെന്നും വിമതർക്ക് ഒരു അനക്കവും ഉണ്ടാക്കാനാവില്ലെന്നുമായിരുന്നു സിപിഎമ്മിന്‍റെ പ്രതികരണം.
വിമതരെ ഒപ്പം നിർത്തി ഭരണം പിടിക്കാനാണ് കോൺഗ്രസിന്‍റെ ആലോചന. അതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വത്തിനും UDF നും ഇത് അഭിമാന പോരാട്ടമാണ്. വാശിയേറെയുള്ള മത്സരത്തിനു കൊഴിഞ്ഞമ്പാറ ഇത്തവണ സാക്ഷിയാകും.