ഉള്ളതെല്ലാം വിറ്റു വാങ്ങിയ ഭൂമിയില്‍ അഭയാര്‍ഥികളായി കഴിയുകയാണെന്നാണ് പാലക്കാട് ധോണിയിലെ പതിമൂന്ന് കുടുംബങ്ങള്‍ പറയുന്നത്. വര്‍ഷങ്ങളായി നികുതി അടച്ചു വന്നിരുന്ന ഭൂമി പുറമ്പോക്കാണെന്ന് പറഞ്ഞ് റവന്യു അധികൃതര്‍ രംഗത്തെത്തിയതോടെയാണ് കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലായത്. ന്യായമെന്ന് തെളിഞ്ഞിട്ടും 12 വര്‍ഷമായിട്ടും നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
അകത്തേത്തറ ധോണിയില്‍ മൂന്നു പേര്‍ക്കായി സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 13 കുടുംബങ്ങള്‍ വിലകൊടുത്തു വാങ്ങിയത്. പട്ടയം ഉള്‍പ്പെടെയുള്ള രേഖകളെല്ലാം കൃത്യം. നികുതി അടച്ച് സ്വസ്ഥമായി മുന്നോട്ട് പോകുന്നതിനിടെയാണ് 2013 ല്‍ റവന്യു ഉദ്യോഗസ്ഥരെത്തി പുറമ്പോക്കെന്ന് പറഞ്ഞ് വിലക്കു വെച്ചത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പതിച്ചു കൊടുക്കുമ്പോള്‍ പുറമ്പോക്ക് റോഡ് ഉള്‍പെട്ടിട്ടുണ്ടെന്നും അതിനാല്‍ നികുതി സ്വീകരിക്കാനാവില്ലെന്നുമായിരുന്നു അധികൃതരുടെ വാദം. വര്‍ഷങ്ങളായി അടച്ച നികുതി രസീതും കൈവശ സര്‍ട്ടിഫിക്കറ്റും കാണിച്ചിട്ടും പരിഗണിച്ചില്ല. 12 വര്‍ഷമായി ഓഫിസുകളില്‍ കയറിയിറങ്ങിയിട്ടും നികുതി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല
പുറമ്പോക്ക് ഭൂമിയാണെങ്കില്‍ എങ്ങനെ പതിച്ചു നല്‍കി എന്ന ചോദ്യത്തിനു വര്‍ഷങ്ങളായിട്ടും മറുപടിയില്ല. നികുതി സ്വീകരിക്കാതായതോടെ ഭൂമി വില്‍ക്കാനോ ബാങ്ക് ലോണെടുക്കാനോ പറ്റാത്ത അവസ്ഥ. മുമ്പുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവാണ് കാരണമെന്ന് മാറി വന്ന ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചതാണ്. എന്നിട്ടും തിരുത്താന്‍ തയ്യാറായില്ല. വില്ലേജ് ഓഫിസര്‍ മുതല്‍ വകുപ്പ് മന്ത്രിയെ വരെ വിവരമറിയിച്ചിട്ടും ദുരിതത്തിനു അറുതിയായില്ല. ഇനിയെന്തെന്ന് ചോദിക്കുന്നുണ്ട് ഓരോരുത്തരും.