മുസ്ലിംലീഗ് ഭരിക്കുന്ന പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സഹകരണബാങ്കില്‍ നിക്ഷേപകര്‍ കടുത്ത പ്രതിഷേധത്തിനൊരുങ്ങുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ ബാങ്കില്‍ നിന്ന് നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടും കയ്യൊഴിയുന്നെന്നാണ് പരാതി. അതിനിടെ ബാങ്കിനു നഷ്‌ടം വന്ന തുക ലീഗ് ജില്ലാ സെക്രട്ടറി കൂടിയായ മുന്‍ബാങ്ക് പ്രസിഡന്‍റ് തിരിച്ചടക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
മണ്ണാര്‍കാട് കോട്ടോംപാടത്തെ അരിയൂര്‍ സഹകരണ ബാങ്ക്. മുസ്ലിലീഗാണ് ഭരണസമിതി. ലീഗ് ജില്ലാ സെക്രട്ടറി ടി.എ സിദ്ദീഖായിരുന്നു പ്രസിഡണ്ട്. വര്‍ഷങ്ങളായി ബാങ്കിനു നേരെ ഉയരുന്നത് കടുത്ത ആരോപണങ്ങള്‍. സഹകരണവകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍.
നിയമവിരുദ്ധമായി ബാങ്കിന്‍റെ അധികാരപരിധിക്കു പുറത്തുള്ളവര്‍ക്കും വായ്‌പകള്‍ നല്‍കി. ഭരണസമിതിയിലെ ചിലരുടെ താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ചായിരുന്നു ഇത്. ബാങ്ക് നഷ്‌ടത്തിലായിട്ടും പരസ്യം ഡൊണേഷന്‍ നിരക്കില്‍ കൂടുതല്‍ തുക ചിലവൊഴിച്ചു. അനര്‍ഹമായി ഇളവു നല്‍കിയത 1.62 കോടി ബാധ്യതയുണ്ടായി. എല്ലാം കൂടിയായതോടെ ബാങ്കിനു മൂന്നരക്കോടിക്കു മുകളില്‍ നഷ്‌ടമുണ്ടാക്കിയതായാണ് കണ്ടെത്തല്‍. വിജിലന്‍സും ബാങ്കില്‍ പരിശോധനക്കെത്തിയിരുന്നു. ബാങ്കിനു നഷ്‌ടം വന്ന തുകയില്‍ നിന്നു 1.68 ലക്ഷം രൂപ ഭരണസമിതിയും സെക്രട്ടറിയും 81 ലക്ഷം രൂപ ജീവനക്കാരും തിരിച്ചടക്കണമെന്ന് സഹകരണവകുപ്പ് ഉത്തരവിട്ടിരുന്നു. കോടതിയില്‍ നിന്നും അങ്ങനെയായിരുന്നു വിധി.
കരകയറാത്ത അവസ്ഥയിലാണ് ബാങ്ക് ഇപ്പോഴും. ക്രമക്കേടുകള്‍ കൊണ്ട് പരുങ്ങലിലായതോടെ നിക്ഷേപകരാകെ വലഞ്ഞു ദിവസക്കൂലിയിലൊരുഭാഗം നിക്ഷേപിച്ചു പോന്ന നൂറുകണക്കിനു സാധാരണക്കാര്‍ പെരുവഴിയിലായി.ബാങ്ക് വിഷയം ലീഗിനുള്ളില്‍ വലിയ അമര്‍ഷത്തിനിടയാക്കിയിരുന്നു. പരിഹാരത്തിനായി ലീഗ് സംസ്ഥാന കമ്മിറ്റിയും ഇടപ്പെട്ടതാണ്. അതിനിടെ നിക്ഷേപകരില്‍ പലരും ബാങ്കിലേക്ക് പ്രതിഷേധവുമായെത്തി.