ഇത്തവണയും സപ്ലൈക്കോ പതിവ് തെറ്റിച്ചില്ല. നെല്ല് സംഭരിച്ചു മാസങ്ങളായിട്ടും പാലക്കാട്ടെ ഭൂരിഭാഗം കര്‍ഷകര്‍ക്കും തുക അനുവദിച്ചില്ല. രണ്ടാംവിള സംഭരണ തുക മുടങ്ങിയതോടെ ഇത്തവണ കൃഷിയിറക്കാന്‍ കടം വാങ്ങുകയാണ് ആയിരകണക്കിന് കര്‍ഷകര്‍.
പാലക്കാട്ടെ നെല്‍വയലുകളില്‍ പച്ചതൊടുന്ന സമയമാണ്. കാലവര്‍ഷം നേരത്തെയെത്തി കര്‍ഷകര്‍ക്ക് സമ്മാനിച്ചത് വലിയ നഷ്‌ടങ്ങളായിരുന്നു. കളപറിച്ച് നിലമൊരുക്കി വിത്തു വിതച്ചതെല്ലാം വെള്ളം വിഴുങ്ങി. മാനം തെളിഞ്ഞു വിത്തെറിഞ്ഞെങ്കിലും കര്‍ഷകരുടെ ഉള്ള് തെളിഞ്ഞിട്ടില്ല. പതിവുപോലെ സപ്ലൈക്കോയുടെ നിസംഗത തന്നെയാണ് കാരണം. രണ്ടാംവിളയുടെ നെല്ല് വില മാസങ്ങളായിട്ടും കിട്ടിയിട്ടില്ല. ജില്ലയിലെ 43,086 കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് 311.95 കോടി രൂപ
നെല്ലളന്ന് പോയിട്ട് മാസങ്ങളായി. നിലവില്‍ കൃഷിയിറക്കാന്‍ ആ തുകയായിരുന്നു പ്രതീക്ഷ. നടക്കാതായതോടെ പിന്നെയും കടംവാങ്ങേണ്ടി വന്നു. 14 ജില്ലകളിലും സമാനമാണ് സ്ഥിതി. ബാങ്കുമായുള്ള വിലവിതരണകരാര്‍ പുതുക്കാത്തതാണ് തുക വിതരണം ചെയ്യുന്നതിന് വില്ലനായത്. എല്ലാ വര്‍ഷവും തുക വിതരണം വൈകുന്നത് പതിവായതോടെ ഗതികെട്ട് കൃഷി അവസാനിപ്പിച്ചവരുടെ പട്ടികയും നീണ്ടിട്ടുണ്ട്. എല്ലാ കര്‍ഷകര്‍ക്കും ഉടന്‍ തുകവിതരണം ചെയ്യുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. എത്രക്കാലം കാത്തിരിക്കണമെന്ന് ചേറില്‍ കാലുകുത്തി ചോദിക്കുന്നുണ്ട് കര്‍ഷകര്‍