പാലക്കാട് ഷൊർണൂരിൽ സ്കൂളിന് സമീപം റെയിൽവേ ഫെൻസിങ് സ്ഥാപിച്ചതോടെ കെട്ടിടം നിർമാണം പോലും നടത്താനാവാതെ വലഞ്ഞു നാട്ടുകാർ. പരുത്തിപ്ര യുപി സ്കൂളിലേക്കുള്ള വഴിയിലാണ് റെയിൽവേയുടെ നടപടി. കെട്ടിട നിർമാണം പൂർത്തിയായില്ലെങ്കിൽ സർക്കാർ അനുവദിച്ച ഒരു കോടി രൂപ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് അധികൃതർ.
പരുത്തിപ്ര യു.പി സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ ഒരു കോടി രൂപ അനുവദിച്ചതാണ്. കഴിഞ്ഞ മാർച്ച് 25 ന് ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തീകരിച്ചെങ്കിലും നിർമാണ സാമഗ്രികൾ സ്കൂളിൽ എത്തിക്കാൻ പറ്റിയില്ല. കാരണം സ്കൂളിന് മുന്നിലെ റെയിൽവേ ഫെൻസിങ്.
ഇക്കഴിഞ്ഞ 25 നാണ് റെയിൽവേ പ്രദേശത്തെ 300 മീറ്ററോളം ഭാഗം ഇരുമ്പ് കൊണ്ട് ഫെൻസിങ് നടത്തി അടച്ചത്. ഇതോടെ സ്കൂളിലേക്കും സമീപത്തെ 25 ലധികം വീടുകളിലേക്കുള്ള വഴിയും അടഞ്ഞു. കരാറുകാരൻ 4 തവണ എത്തിയെങ്കിലും മടങ്ങി പോകേണ്ടി വന്നു. ഫെൻസിങ്ങ് മറികടന്ന് ഭാരവാഹനങ്ങൾ വഴിയിലൂടെ കടന്നുപോയാൽ വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റെയിൽവേ അറിയിച്ചതാണ് പ്രശ്നം. തൊട്ടടുത്ത് നിലമ്പൂർ - ഷൊർണൂർ റെയിൽവേ ട്രാക്ക് കടന്നുപോകുന്നതിനാൽ വലിയ വാഹ്നങ്ങൾ ട്രാക്കിലേക്ക് ചെരിയാനോ, മറിയാനോ സാധ്യതയേറെയാണെന്നാണ് റെയിൽവേയുടെ പക്ഷം.
പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിവിഷനൽ റെയിൽവേ മാനേജർക്കും, മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.