പാലക്കാട് മംഗലഡാമിൽ വീണ്ടും കടുവയെത്തി. ടാപ്പിങിനെത്തിയ താഴത്തേൽ സണ്ണി കടുവയുടെ മുന്നിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടു. 30 മീറ്റർ ദൂരത്താണ് സണ്ണി കടുവയെ കണ്ടത്. വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്തു രണ്ടാഴ്ചയായി കടുവ സാന്നിധ്യമുണ്ടെന്നു നാട്ടുകാർ.
രാവിലെ തോട്ടത്തിലേക്ക് പോയതാണ് സണ്ണി. എന്തോ ഒന്ന് മുന്നിൽ കണ്ടപ്പോൾ നന്നായി ഒന്ന് നോക്കി. കടുവയാണ്. പിന്നാലെ കടുവ കാട്ടിലേക്ക് മറഞ്ഞു. വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. രണ്ടാംപുഴ, വെറ്റിലത്തോട്, കടമാൻ മേഖലയിൽ നേരത്തെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പാറത്തലക്കൽ അവറാച്ചന്റെ തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടു. വെറ്റിലത്തോട് ഭാഗത്ത് നേരത്തെ സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതായാണ് വിവരം
മുമ്പു മറ്റു നാട്ടുകാരും കടുവയെ കണ്ടതായി വനപാലകരെ വിവരമറിയിച്ചതാണ്. കഴിഞ്ഞ ആഴ്ച കടുവ കടിച്ചു കൊന്ന മാനിന്റെ ജഡം പ്രദേശത്തെ റബർതോട്ടത്തിൽ കണ്ടെത്തിയിരുന്നു. കാടിറങ്ങി തോട്ടത്തിലൂടെ നടന്നു പോകുന്നതാണ് പലരും കണ്ടത്. പലയിടങ്ങളിലും കൂടുതൽ ക്യാമറ വെച്ചു നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ കൂടു സ്ഥാപിക്കും.