പാലക്കാട് കൊല്ലങ്കോടെന്ന കാര്‍ഷിക ഗ്രാമത്തില്‍ നിന്നു പഠിച്ചു സര്‍ക്കാര്‍ സര്‍വീസിലേക്ക് നടന്നുകയറിയത് അഞ്ഞൂറിലധികം പേരാണ്. കൊച്ചു കാര്‍ഷിക ഗ്രാമത്തില്‍ യുവാക്കള്‍ ഒറ്റമനസോടെ ഒരാശയത്തിനു പിറകെ സഞ്ചരിക്കുന്നതും അതിനായി ഒരു സംഘം സൗജന്യമായി എല്ലാ സജ്ജീകരണങ്ങള്‍ ഒരുക്കി കൊടുക്കുന്നതുമായ ഭംഗിയുള്ള കാഴ്‌ചകള്‍ കൂടിയാണ് കൊല്ലങ്കോടിന്‍റെ ഗ്രാമഭംഗിക്ക് മാറ്റുകൂട്ടുന്നത്. ഇന്ന് കൊല്ലങ്കോട് ഒരു പിഎസ്‍സി ഗ്രാമമാണ്.
ഒരുകൂട്ടം യുവാക്കളുടെ മഹത്തായ ദൗത്യമാണ് കൊല്ലങ്കോട്ടെ ഗാന്ധിജി ഇന്‍സ്റ്റിറ്റ്യൂട്ട്. സര്‍ക്കാര്‍ ഉദ്യോഗം ലക്ഷ്യം വെച്ചെത്തുന്നവര്‍ക്ക് ഇവിടം എല്ലാം സൗജന്യമാണ്. പഠനവും പഠനോപകരണങ്ങളുമെല്ലാം. രാവിലെ തുടങ്ങുന്ന പരിശീലനക്ലാസു വൈകീട്ടുവരെ നീളും. 2008 മുതല്‍ തുടങ്ങിയ ഉദ്യമമാണ്. വാര്‍ഷത്തില്‍ ഒരുതവണ സമ്മാനക്കൂപ്പണ്‍ വെച്ചാണ് സ്ഥാപനത്തിനു ചിലവിനുള്ള തുക കണ്ടെത്തുക.
ക്ലാസെടുക്കാനെത്തുന്നവര്‍ മറ്റാരുമല്ല മുമ്പ് ഈ ക്ലാസ്റൂമില്‍ തന്നെ പഠിച്ചു സര്‍ക്കാര്‍ സര്‍വീസില്‍ കയറിയവര്‍. അടുത്ത തലമുറക്കു കൂടി വഴിയൊരുക്കാന്‍ അവരും സൗജന്യമായി പഠിപ്പിക്കാനെത്തും. കൊല്ലങ്കോട്ടുകാര്‍ മാത്രമല്ല ദൂരെ നാട്ടില്‍ നിന്നു വണ്ടിയുംപിടിച്ചു വരുന്നവരുമുണ്ടിവിടെ.
ഇന്ന് കൊല്ലങ്കോട്ടെ ഓരോ കാര്‍ഷിക കുടുംബങ്ങളിലും ഓരോ സര്‍ക്കാര്‍ ജീവനക്കാരുണ്ടെന്നാണ് നാട്ടുകാര്‍ പറയാറ്. സാമ്പത്തിക പിന്നോക്കാവസ്ഥക്ക് അതായിമാറി പരിഹാരം. ഇന്നാട്ടിലെ നെല്‍കൃഷി നിലനില്‍ക്കാനുള്ള കാരണവും അതാണ്. നെല്‍കൃഷിയെ മാത്രം ആശ്രയിച്ചിരുന്നെങ്കില്‍ കൊല്ലങ്കോടിനു ഇന്നീ കാണുന്ന സൗന്ദര്യം ഉണ്ടാകുമായിരുന്നില്ല. മികച്ചൊരു ആശയത്തിനു നാടു നന്ദി അറിയിക്കുന്നുണ്ട്.