പാലക്കാട് പട്ടാമ്പിയിൽ പൊതുകുളത്തിൽ മീനുകൾ ചത്തുപൊങ്ങിയതിൽ കടുത്ത ആശങ്ക. പട്ടാമ്പി നഗരസഭക്ക് കീഴിലെ കിഴായൂർ ആനങ്ങാട്ടു കുളത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. സുരക്ഷാ കണക്കിലെടുത്ത് കുളത്തിലെ വെള്ളം ഉപയോഗിക്കുന്നത് താൽകാലികമായി നിരോധിച്ചു.
സ്ത്രീകളടക്കം പ്രദേശത്തെ നിരവധിയാളുകൾ ആശ്രയിക്കുന്ന കുളമാണിത്. മൽസ്യ സമൃദ്ധി പദ്ധതി വഴി നിക്ഷേപിച്ച കുളത്തിലെ മീനുകൾ ഓരോന്നായി ചത്തു പൊന്തുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ് ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വ്യാപകമായി മീനുകൾ ചാവുന്നതായി കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ കുളത്തിലെ വെള്ളവും ചത്തുപൊങ്ങിയ മീനും വിശദ പരോശോധനക്ക് അയച്ചു.
പരിശോധന ഫലം വരുന്നത് വരെ കുളത്തിലെ വെള്ളം ഉപയോഗിക്കുന്നതിനും കുളിക്കുന്നതിനും മറ്റും താൽകാലികമായി നഗരസഭ.നിരോധനം ഏർപ്പെടുത്തി. മൂന്ന് കിലോ തൂക്കം വരുന്ന മീനുകളടക്കം ചത്തു പൊങ്ങിയിട്ടുണ്ട്. വിശദ പരിശോധനക്ക് ശേഷം ആരോഗ്യ വിഭാഗത്തിന്റെയും ഫിഷറീസ് ഉദ്യോഗസ്ഥരുടെയും നിർദേശം ഉൾക്കൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് നഗരസഭ അറിയിച്ചത്.