പാലക്കാട് ഒറ്റപ്പാലം നഗരത്തിൽ ഏഴു പതിറ്റാണ്ടു പിന്നിട്ട ലക്ഷ്മി തിയറ്റിറിന് വ്യാഴാഴ്ച താഴുവീഴും. നഗരത്തിലെ ബൈപാസ് പദ്ധതിയുടെ ഭാഗമായി പാർക്കിങ് ഏരിയ നഷ്ടമാകുന്ന സാഹചര്യത്തിലാണ് തിയറ്റർ പുട്ടാൻ തീരുമാനിച്ചത്. ഇതോടെ ഒറ്റപ്പാലം നഗരം കേന്ദ്രീകരിച്ച് തിയറ്ററില്ലാതായി.
കേരളപ്പിറവിക്കു മുൻപേ 1954ൽ നിർമിച്ചതാണ് ലക്ഷ്മി പിക്‌ചർ പാലസ്. ഒറ്റപാലത്തുകാർക്കെല്ലാം തിയേറ്ററിനെ പറ്റി ഏറെ പറയാനുണ്ടാകും. ഒറ്റപ്പാലത്തെ ആദ്യത്തെ കോൺക്രീറ്റ് കെട്ടിടവും ഇത് തന്നെ. സത്യൻ ചിത്രം 'ആത്മസഖി'യിൽ തുടങ്ങി ടോവിനോ ചിത്രം നരിവേട്ട വരെ ആയിര കണക്കിനു സിനിമകൾ. 71 വർഷങ്ങൾക്കിപ്പുറം തിയേറ്റർ പ്രവർത്തനം അവസാനിപ്പിക്കുകയാണ്
ഒറ്റപ്പാലത്തെ ഇ.പി.അച്യുതന്റെയും സഹോദരൻ ഇ.പി.മാധവന്റെയും ഉടമസ്‌ഥതയിലായിരുന്നു തിയറ്റർ. 1974ൽ ഷൊർണൂർ സ്വദേശി പി.കെ.രാജനു കൈമാറി. നിർദ്ദിഷ്ട ബൈപാസ് പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് നടപടിയിൽ പാർക്കിങ് ഏരിയ നഷ്ടമായതോടെയാണ് പൂട്ടാൻ തീരുമാനിച്ചത്. അതോടെ ഒറ്റപാലത്തുകാരുടെ പതിറ്റാണ്ടിന്റെ സിനിമാ വിശേഷങ്ങൾക്ക് അവസാനമാവുകയാണ്. ഒറ്റപ്പാലത്തെ മറ്റു 2 തിയറ്ററുകൾ നേരത്തെ പൂട്ടിയതതാണ്. ലക്ഷ്മിതിയറ്റർ കൂടി അടയുന്നതോടെ നഗരത്തിൽ ഇനിയൊരു തിയറ്ററില്ലെന്ന നിലയായി.