വനാതിര്‍ത്തിയില്‍ അവശനിലയില്‍ കണ്ടെത്തിയ കൊമ്പന് ചികില്‍സ തുടങ്ങി തമിഴ്നാട് വനംവകുപ്പ്. കോയമ്പത്തൂര്‍ മേട്ടുപ്പാളയം കൂത്താമണ്ടിപ്പിരിവിലാണ് ഇരുപത് വയസ് പ്രായം തോന്നിക്കുന്ന ആനയുടെ പരിചരണം. ഭക്ഷണത്തിലും പഴവര്‍ഗങ്ങളിലും ചേര്‍ത്താണ് ക്ഷീണം മാറാന്‍ ഉള്‍പ്പെടെയുള്ള മരുന്ന് നല്‍കുന്നത്.
മൂന്ന് ദിവസമായി കൃഷിയിടത്തിലും വനാതിര്‍ത്തിയിലും ആന തുടരുന്നതിലെ അസ്വാഭാവികത നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ശരീരത്തില്‍ മുറിവൊന്നും കണ്ടെത്താനായില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്നതിനാല്‍ ആനയ്ക്ക് ചികില്‍സ നല്‍കിത്തുടങ്ങി. വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് ചികില്‍സ. ക്ഷീണം മാറാനുള്ള മരുന്നും, ഗുളികകളും പഴത്തിനുള്ളിലും ഭക്ഷണത്തിലുമായി നല്‍കുന്നുണ്ട്. ഫലവര്‍ഗങ്ങളില്‍ ചേര്‍ത്തുള്ള
മരുന്ന് കൃത്യമായ ഇടവേളയില്‍ ആന കഴിക്കുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ട് കൂടുതല്‍ പ്രകടിപ്പിച്ചാല്‍ മയക്കുവെടിയുതിര്‍ത്ത് പിടികൂടി പ്രത്യേക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയുള്ള ചികില്‍സ നല്‍കും. ക്ഷീണമുണ്ടെങ്കിലും ആന ഭക്ഷണവും വേണ്ടത്ര വെള്ളവും കുടിക്കുന്നത് നല്ല ലക്ഷണമെന്നാണ് വനംവകുപ്പ് നിഗമനം. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ആന ജനവാസമേഖലയിലെ കൃഷിയിടത്തില്‍ തുടര്‍ന്നുവെന്നാണ് വനംവകുപ്പ് കരുതുന്നത്. രാത്രിയിലും ആനയെ നിരീക്ഷിച്ചും മറ്റ് ആനക്കൂട്ടത്തിന്‍റെ വരവിനുള്ള സാധ്യത കണക്കിലെടുത്തും മേട്ടുപ്പാളയത്തെ വനപാലകസംഘം സ്ഥലത്ത് തുടരുന്നുണ്ട്.