എലപ്പുള്ളി ബ്രൂവറിയിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഒയേസിസ് കമ്പനിക്ക് നല്‍കിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് എലപ്പുള്ളിയിൽ ബ്രൂവറി ആരംഭിക്കാൻ ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയത് എന്ന സർക്കാർ വാദമാണ് ഹൈക്കോടതിയിൽ പൊളിഞ്ഞത്. 

നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ് സർക്കാരിന്‍റെ പ്രാഥമിക അനുമതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന് ബ്രൂവറി തുടങ്ങാൻ ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. കൃത്യമായ പഠനം നടത്തി, നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ തീരുമാനമെടുക്കാമെന്നും ജസ്റ്റിസുമാരായ സതീഷ് നൈനാൻ, പി.കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ബ്രൂവറിക്ക് അനുമതി നൽകിയതിനെതിരെ ഒരുകൂട്ടം പൊതുതാൽപര്യ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 600 കോടി രൂപയുടെ നിക്ഷേപവും പ്രതിദിനം 500 കിലോ ലീറ്റർ ഉൽപ്പാദന ശേഷിയുമുള്ള പദ്ധതിയിൽ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി തുടങ്ങിയവയുണ്ടായിരുന്നു.

എന്നാൽ അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന എലപ്പുള്ളിയിൽ ഇത്രയും വലിയൊരു പ്ലാന്റ് വരുന്നതോടെ നാട് മരുഭൂമിയായി മാറുമെന്ന് ഹർജിയിലുണ്ടായിരുന്നു. ഭൂഗർഭജലം വറ്റുന്നത് കർഷകരെയും പ്രതിസന്ധിയിലാക്കും. പ്ലാന്‍റ് കഞ്ചിക്കോട് വ്യവസായ മേഖലയിലാണെന്ന് കാണിച്ചാണ് അനുമതി വാങ്ങിയതെങ്കിലും എലപ്പുള്ളി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് അനുമതി ഹൈക്കോടതി റദ്ദാക്കിയത്.

ENGLISH SUMMARY:

The Kerala High Court has cancelled the preliminary approval granted to Oasis Company to set up a brewery at Elappully. The court ruled that the government’s approval violated established procedures. A Division Bench said a fresh decision could be taken only after proper studies and due process. The project involved a ₹600 crore investment with multiple units including a brewery and ethanol plant. Petitioners raised concerns over severe water scarcity and groundwater depletion in Elappully. Accepting these arguments, the High Court struck down the government’s approval.