കാര്യവട്ടം ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ എതിരാളികളെ 46 റണ്‍സിന് തോല്‍പ്പിച്ചു. ജയിക്കാന്‍ 272 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 19.4 ഓവറില്‍ 225 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കിവിപ്പടയുടെ നട്ടെല്ലൊടിച്ചത്. മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത ഇഷാൻ ആണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്. 28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 ലെത്തിയത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തിളങ്ങി
അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം.