TOPICS COVERED

വാളയാറില്‍ 31കാരനായ രാമനാരായണനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത് അതിക്രൂരമായി. അട്ടപ്പള്ളത്തുവച്ചാണ് സംഭവം. ഇയാള്‍ മോഷ്ടിച്ചെന്നാരോപിച്ച് കൂട്ടമായെത്തിയ ഒരു സംഘം തലങ്ങും വിലങ്ങും മര്‍ദിക്കാനാരംഭിച്ചു. അധികം വൈകാതെ രാമനാരായണ്‍ ചോരതുപ്പി പിടഞ്ഞ് നിലത്തുവീണു. നിമിഷങ്ങള്‍ക്കകം ഈ രീതിയില്‍ ഒരു യുവാവ് മരിച്ചുവീഴണമെങ്കില്‍ അയാള്‍ നേരിട്ടത് എത്രത്തോളം വലിയ ക്രൂരതയെന്ന് വ്യക്തം. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാർ ആണ് ക്രൂരമര്‍ദനത്തിനു പിന്നാലെ പിടഞ്ഞുവീണു മരിച്ചത്. 

അതിഥിത്തൊഴിലാളിക്കെതിരെ മോഷണം ആരോപിച്ചവര്‍ നടത്തിയ പരിശോധനയിലൊന്നും അത് തെളിയിക്കാനായില്ല. ആള്‍ക്കൂട്ടം യുവാവിനു ചുറ്റുംവളഞ്ഞ് തല്ലിച്ചതയ്ക്കുകയായിരുന്നു. നാട്ടുകാരായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ 5 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാമനാരായണിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്നും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വ്യക്തതമാകൂവെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് രാമനാരായണ്‍ കേരളത്തിലെത്തിയത്. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറയുന്നു. 

2018ൽ പാലക്കാട് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണം ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേസിലെ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചിരുന്നു.

ENGLISH SUMMARY:

Mob lynching refers to the brutal killing of an individual by a group of people, often based on accusations or suspicions. This incident in Walayar highlights the dangers of mob violence and the importance of upholding the rule of law to ensure justice and safety for all residents.