കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട ജയിൽ ആസ്ഥാനത്തെ ഡിഎജി എംകെ വിനോദ് കുമാർ , പണം വാങ്ങി ജയിലിനുള്ളിലെ ലഹരി ഉപയോഗത്തിന് കുറ്റവാളികൾക്ക് ഒത്താശ ചെയ്തതായി കണ്ടെത്തൽ. ടിപി ചന്ദ്രശേഖരൻ കൊലക്കേസ് കുറ്റവാളി അണ്ണൻ സിജിത്ത് ഉൾപ്പെടെ ഒട്ടേറെ പ്രതികളുമായി വിനോദ് കുമാർ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നതായി വിവരം ലഭിച്ചു.
കൈക്കൂലി വാങ്ങാനും ജയിലിൽ വഴിവിട്ട സൗകര്യം ഒരുക്കി നൽകാനും ആയിരുന്നു ഈ ഫോൺ വിളികൾ എന്നാണ് കരുതുന്നത്. അതുവഴിയാണ് ജയിലിന് ഉള്ളിലെ ലഹരി ഉപയോഗത്തിന് പോലും കൂട്ടുനിന്നതെന്നും വിജിലൻസ് സംശയിക്കുന്നു. വിനോദ് കുമാറിന്റെ മൂന്നുവർഷത്തെ ഇടപാടുകൾ സംശയാസ്പദമെന്ന് വിജിലൻസ് റിപ്പോർട്ട്. 2023 മുതലുള്ള ഫോൺവിളികളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്.
വിനോദ് കുമാറിന്റെ ഫോൺവിളിയുടെ പൂർണ്ണ വിവരങ്ങൾ ആവശ്യപ്പെട്ട് വിജിലൻസ് ടെലികോം കമ്പനികൾക്ക് കത്ത് നൽകി. കൈക്കൂലി ഇടപാട് കണ്ടെത്താനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുവാനും തുടങ്ങിയിട്ടുണ്ട്. വിനോദിന്റെയും ഭാര്യയുടെയും അക്കൗണ്ട് വിവരങ്ങൾ തേടി ബാങ്കുകൾക്കും കത്ത് നൽകിയിട്ടുണ്ട്.