അങ്കമാലി– എരുമേലി ശബരി റെയില്‍പാത പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കും. 1,900 കോടി രൂപ കിഫ്ബി വഴി നല്‍കും. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നൽകിക്കഴിഞ്ഞു. തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി.
അതേസമയം, കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ പദ്ധതിച്ചെലവിന്റെ ഒരു വിഹിതം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രത്തിന്റെ നിർബന്ധ ബുദ്ധി വികസന സ്വപ്നങ്ങളുടെ ചിറകരിയുകയാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ശബരിപാതയുടെ കാര്യത്തിലും ഇതേ അവസ്ഥ തുടർന്നതിനാലാണ് പകുതി വിഹിതം സർക്കാർ ഏറ്റെടുക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. മലയോര മേഖലയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്ന ഈ പദ്ധതി എരുമേലിയിൽ നിന്ന് പുനലൂർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.