TOPICS COVERED

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ വയ്യാർ മോഷ്ടാവാണെന്ന ആരോപണം തള്ളി കുടുംബം. കെട്ടിട നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നതിനാണ് നാലുദിവസം മുമ്പ് പാലക്കാട്ടെത്തിയതെന്നും നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ലാത്ത ആളാണെന്നും ഇയാളുടെ ബന്ധു ശശികാന്ത് ബഗേൽ പറഞ്ഞു

'ജോലിക്കായി നാലുദിവസം മുമ്പാണ് രാംനാരായൺ പാലക്കാട്ടെത്തിയത്. എന്നാൽ, ഇവിടത്തെ ജോലി ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ നാട്ടിലേക്ക് തിരിച്ചുവരാനിരുന്നതാണ്. ഇവിടെ പുതിയ ആളായതിനാൽ വഴിയൊന്നും അറിയുമായിരുന്നില്ല. അതിനാൽ എങ്ങനെയോ വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തപ്പെട്ടതാകാം. ഒരു ക്രിമിനൽ റെക്കോഡുമില്ലാത്ത ആളാണ്. നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ല. മാനസികമായി ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും ഇല്ല. മദ്യപിക്കാറുണ്ട്. എന്നാൽ, ആരുമായും ഒരു പ്രശ്നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ട്. കുടുംബം പോറ്റുന്നതിന് ജോലിയെടുക്കാനാണ് ഇവിടെ വന്നത്', ബന്ധു ശശികാന്ത് ബഗേൽ പറഞ്ഞു.

ബുധനാഴ്ചയാണ് കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ രാംനാരായൺ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ചത്. മർദനമേറ്റ് കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറിനുശേഷമാണ് പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ വാളയാർ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ അട്ടപ്പള്ളം മാതാളികാട് ഭാഗത്തായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾ പണിചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ രാംനാരായണിനെ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. ഇയാൾ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന യുവാക്കൾ സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇവർ ഇയാളെ മർദിച്ചെന്നും രക്തം ഛർദിച്ചെന്നുമാണ് വിവരം.

ENGLISH SUMMARY:

Mob Lynching occurred in Palakkad, resulting in the death of Ramnarayan Vaiyyar. The family refutes allegations of theft, stating he was a construction worker seeking employment.