TOPICS COVERED

ആനക്കലിയിൽ യുവാവ് കൊല്ലപ്പെട്ട പാലക്കാട് കയറംകോട് കണ്ണാടന്‍ചോലയിലെ അവശേഷിക്കുന്ന കുടുംബങ്ങള്‍ വീടൊഴിയാന്‍ ഒരുങ്ങുന്നു. കാട്ടാനയുടെ കുത്തേറ്റ് അലന് ജീവൻ നഷ്ടപ്പെടുകയും അമ്മ വിജി ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ തുടരുമ്പോഴും വീടിന് ചുറ്റും കാട്ടാനക്കൂട്ടം പതിവാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അഞ്ച് സെന്‍റില്‍ കുറയാത്ത ഭൂമിയും വീടും നല്‍കി സുരക്ഷിത ഇടമൊരുക്കണമെന്നാണ് ഒന്‍പത് കുടുംബങ്ങള്‍ ജില്ലാഭരണകൂടത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആനയുടെ വരവ് തടയാനുള്ള പ്രതിരോധമില്ല. പ്രതീക്ഷയേകുന്ന യാതൊരു നീക്കവും വനംവകുപ്പ് തുടങ്ങിയിട്ടേയില്ല. ഓരോ ദിവസവും കാട്ടാനക്കൂട്ടം കണ്ണാടന്‍ചോലയിലെ വീടുകള്‍ക്ക് സമീപമെത്തുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള വീടുകളില്‍ കഴിയുന്നവര്‍ക്ക് രാത്രിയായാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതി. ചക്കയും, പനയോലയും തേടിയുള്ള ആനക്കൂട്ടത്തിന്‍റെ വരവ് രാപകല്‍ വ്യത്യാസമില്ലാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അലനെ ചവിട്ടിയരച്ച, അമ്മ വിജിയെ നിത്യരോഗിയാക്കിയ ആനക്കൂട്ടം വനത്തിലേക്ക് കയറാന്‍ ഒരുക്കമല്ലാത്ത സാഹചര്യത്തിലാണ് കുടുംബങ്ങള്‍ വീടൊഴിയാന്‍ നിര്‍ബന്ധിതരാവുന്നത്. സുരക്ഷിതമായി പുനരധിവാസം ആവശ്യപ്പെട്ട് കുടുംബങ്ങൾ നിവേദനം നൽകിയത്.

സുരക്ഷിത വീടുകളിലേക്ക് മാറിയാലും ഉപജീവനമാര്‍ഗമായ വനാതിര്‍ത്തിയിലെ കൃഷിയിടങ്ങള്‍ ഇവര്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. നാമമാത്രമായ വരുമാനമാണെങ്കിലും കൃഷിയാണ് പലരുടെയും ആശ്രയം. അടിയന്തര തീരുമാനത്തിനുള്ള ശ്രമം തുടങ്ങിയതായി ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്. പുനരധിവാസം വൈകി മറ്റൊരു ജീവൻ കൂടി പൊലിയാൻ ഇടയാകരുതെന്നാണ് ജനപ്രതിനിധികളുടെയും ആവശ്യം.

ENGLISH SUMMARY:

Following the murder of a young man in Anakkal, families residing in Kannadanchola, Kayaramkode, Palakkad, are preparing to leave their homes out of fear. The community remains tense, and the residents say they no longer feel safe in the area.