arvindhan

TOPICS COVERED

മലപ്പുറം ഇരുമ്പുഴിക്കടുത്ത് വടക്കുമുറിയിൽ അപകടത്തിൽപ്പെട്ട് കിടപ്പിലായ അരവിന്ദന് നിർമിച്ചു നൽകിയ പുതിയ വീടിന്‍റെ  താക്കോൽ കൈമാറിയത് നബിദിന റാലിയിൽ വച്ച്. നാടിന്‍റെയാകെ ഐക്യത്തിന്‍റെ കഥ കൂടിയുണ്ട് ഈ വീട് നിർമാണത്തിന് പിന്നിൽ.

വടക്കുമുറിയിലെ നാട്ടുകാർ ഒരു മനസായി നിന്നാണ് അരവിന്ദന്‍റെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. നബിദിന റാലിക്കിടെയുള്ള താക്കോൽ കൈമാറ്റ ചടങ്ങിന് ഈ ഇരട്ടി മധുരവുമുണ്ടായിരുന്നു. മരപ്പണി ജോലി ചെയ്തിരുന്ന കഠിനാധ്വാനിയായിരുന്ന അരവിന്ദൻ രണ്ടുവർഷം മുൻപാണ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നു വീണത്. തളർന്ന് കിടപ്പിലായതോടെ ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം നിസഹായരായി. ജീവിതവും വഴിമുട്ടി. പണി തുടങ്ങിയ വീട് നിർമാണവും നിർത്തിവയ്ക്കേണ്ടിവന്നു. ഇത് മനസിലാക്കിയ നാട്ടുകാരാണ് ജനകീയ കൂട്ടായ്മയുടെ പേരിൽ 12 ലക്ഷം രൂപ സ്വരൂപിച്ച് അരവിന്ദന്‍റെ വീട് നിർമാണം പൂർത്തിയാക്കി നൽകിയത്.

നബിദിന റാലിക്കിടെയുള്ള താക്കോൽദാന ചടങ്ങിൽ പങ്കെടുക്കാൻ പള്ളിക്കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും എല്ലാം ഒന്നിച്ച് എത്തിയിരുന്നു.  അങ്ങനെ നബിദിന ആഘോഷ പരിപാടി അരവിന്ദന്‍റെ പ്രതീക്ഷകൾക്ക് പുതുജീവൻ പകരുകയാണ്. നേരത്തെ തളർന്ന് പൂർണമായും കിടപ്പിലായിരുന്ന അരവിന്ദൻ ഇപ്പോൾ എഴുന്നേറ്റിരിക്കുന്നുണ്ട്. പതിയെ പതിയെ എഴുന്നേറ്റ് നടന്നു പോകാം എന്ന പ്രതീക്ഷയിലാണ് അരവിന്ദനും കുടുംബവും ഈ നാടും.

ENGLISH SUMMARY:

A new house in Vadamuriyil, near Irumbuzhi, has been handed over to Aravindan, who was bedridden after an accident. The construction of this house is a story of unity, with local residents coming together to fulfill Aravindan's dream of a home, culminating in a heartwarming handover ceremony during a Nabidin rally.