കോഴിക്കോട് നഗരത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വെല്‍നെസ് സെന്‍ററുകളിലും വിതരണത്തിനെത്തിച്ചത് കാലാവധി കഴിയാറായ മരുന്നുകള്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യപ്പെടാത്ത മരുന്നുകളും വന്‍തോതില്‍ വിതരണത്തിനെത്തി. സംഭവം അന്വേഷിക്കാന്‍ കോര്‍പ്പറേഷന്‍ ആരോഗ്യസമിതിയെ നിയോഗിച്ചു.
ഓഗസ്റ്റില്‍ കാലാവധി കഴിയുന്ന, രക്തസമര്‍ദത്തിനുള്ള മരുന്ന് പാറോപ്പടിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വിതരണത്തിന് എത്തിച്ചത് ജൂലായ് 28ന്. സെപ്റ്റംബറില്‍ കാലാവധി കഴിയുന്ന മരുന്നകളില്‍ പലതും എത്തിച്ചത് കഴിഞ്ഞമാസവും. ജീവനക്കാര്‍ പരിശോധിച്ചതോടെയാണ് മൂന്നിലധികം പെട്ടികളിലെ ഭൂരിഭാഗം മരുന്നുകളും കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയത്
ദേശീയ ആരോഗ്യ ദൗത്യം വഴി കെഎംസിഎല്‍ ആണ് മരുന്നെത്തിക്കുന്നത്. ഇതുവൈകിയാല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മറ്റിടങ്ങളില്‍ നിന്നും മരുന്നെത്തിക്കാറുണ്ട്. എന്നാല്‍ ഏതുവഴിയെത്തിയ മരുന്നുകളാണ് കാലാവധി കഴിഞ്ഞതെന്ന് ആര്‍ക്കും അറിയില്ല. മരുന്നുകള്‍ തിരിച്ചെടുക്കാന്‍ കോര്‍പ്പറേഷന്‍ നടപടി ആരംഭിച്ചു. സംഭവത്തില്‍ വീഴ്ച കണ്ടെത്താന്‍ അന്വേഷണസമിതിയെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി