നിലമ്പൂർ അകമ്പാടത്ത് വൈദ്യുതി വേലി തകർത്ത് കൃഷിയിടത്തിൽ കടന്ന കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. മതിൽമൂല സ്വദേശി നാലകത്ത് സിദ്ദിഖിന്റെ കൃഷിയിടത്തിലാണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്.
കാട്ടാനക്കൂട്ടം 100-ലധികം നേന്ത്രവാഴകളും 200-ലധികം മരച്ചീനികളും 100-ഓളം പൈനാപ്പിൾ ചെടികളും നിരവധി കമുകുകളും നശിപ്പിച്ചു. തൂക്കുവൈദ്യുതി വേലിക്ക് മുകളിലേയ്ക്ക് മരങ്ങൾ ചവിട്ടിമറിച്ച ശേഷമാണ് ആനകൾ കൃഷിയിടത്തിലേയ്ക്ക് പ്രവേശിച്ചതെന്ന് കർഷകൻ പറയുന്നു.
കാട്ടാനശല്യം സംബന്ധിച്ച് നിരന്തരം പരാതി നൽകിയിട്ടും ബന്ധപ്പെട്ട വകുപ്പുകളോ പ്രാദേശിക ഭരണകൂടങ്ങളോ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ചാലിയാർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകൾ വീടുകളുടെ മതിലുകൾ തകർത്ത് മുറ്റത്തേയ്ക്ക് എത്തുന്നതും പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴാം തവണയാണ് സിദ്ദിഖിന്റെ കൃഷിയിടത്തിൽ കാട്ടാനകൾ നാശം വിതയ്ക്കുന്നത്. ഏകദേശം 10 ഏക്കർ സ്ഥലത്തെ കാർഷികവിളകൾ ഏറെക്കുറെ പൂർണമായും നശിച്ചതായി കർഷകൻ അറിയിച്ചു.
വൈദ്യുതി വേലികൾ പോലും തകർത്ത് കാട്ടാനകൾ വീട്ടുമുറ്റത്തേയ്ക്ക് എത്തിത്തുടങ്ങിയ സാഹചര്യത്തിൽ പ്രദേശത്തെ കർഷകരും കുടുംബങ്ങളും കടുത്ത ആശങ്കയിലാണ്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.