നിലമ്പൂര്‍ ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയ തുക തട്ടിയെടുത്തവരില്‍ നിന്ന് വലിയൊരു പങ്ക് തിരിച്ചുപിടിച്ചു. 3,90,000 രൂപയാണ് മണിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് തിരികെ എത്തിയത്. മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ഇടപെടലിലാണ് നടപടി. ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സർക്കാർ നൽകിയ ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത വാർത്ത മനോരമ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ടിടപെട്ടത്.
പണം തിരികെ കിട്ടിയതോടെ മണിയുടെ കിടപ്പുരോഗിയായ മകൾ അടക്കം 5 മക്കളുടെയും ഭാര്യയുടെയും ജീവിത മാർഗവും തിരിച്ചുകിട്ടി. ശേഷിക്കുന്ന തുക മൂന്ന് മാസത്തിനകം അക്കൗണ്ടില്‍ അടപ്പിക്കാനുള്ള നടപടിയും ഊര്‍ജിതമാണ്.
അഞ്ച് ലക്ഷം രൂപയാണ് മണിയുടെ മരണത്തെ തുടര്‍ന്ന് നഷ്ടപരിഹാരമായി വനംവകുപ്പ് നല്‍കിയത്. ഇതിന് പുറമെ മറ്റുപലരുടെയും സഹായമായി ലഭിച്ചതടക്കം ആകെ പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. ഈ പണമത്രയും അപഹരിക്കപ്പെട്ടുവെന്നും കണ്ടെത്തിയിരുന്നു. പക്ഷേ ഈ പണം ആരാണ് തട്ടിയെടുത്തതെന്ന കൃത്യമായ വിവരങ്ങള്‍ അന്ന് പുറത്തുവന്നിരുന്നില്ല. മാതിയുടെ പേരില്‍ എടിഎം കാര്‍ഡും ഗൂഗിള്‍പേയും ശരിയാക്കി കൊടുത്ത, വനംവകുപ്പില്‍ തന്നെ ജോലി ചെയ്യുന്ന ഇവരുടെ ബന്ധുവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.
മണിയുടെ കിടപ്പുരോഗിയായ മകളുടെ ചികില്‍സയ്ക്കായി ബാങ്കില്‍ നിന്ന് പണമെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഒരു രൂപ പോലും ബാങ്കിലില്‍ ഇല്ലെന്ന് അറിഞ്ഞത്. മണിയുടെ മരണത്തിന് പിന്നാലെ ഭാര്യ മാതിക്ക് വനംവകുപ്പ് നെടുങ്കയത്ത് താല്‍കാലിക ജോലി നല്‍കിയിരുന്നു. ഒരു വര്‍ഷം ശമ്പളയിനത്തില്‍ ലഭിച്ച ആ തുകയും ബാങ്കില്‍ നിന്ന് നഷ്ടമായിരുന്നു.