കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ കർഷകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണവൂർകുടി സ്വദേശി ചക്കനാനിക്കൽ സി എം പ്രകാശാണ് മരിച്ചത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
പുലർച്ചെ രണ്ടരയോടെ പ്രകാശിന്റെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ കാട്ടാനകൾ കൂട്ടമായി എത്തി. വാഴ കൃഷി നശിപ്പിക്കുന്നത് കണ്ട് ആനകളെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഭയന്ന് പിന്തിരിഞ്ഞു ഓടിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുട്ടമ്പുഴ പിണവൂർകുടി പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാണ്. പദ്ധതികൾ പലതും പാതിവഴിയിൽ ആണെന്നും അടിയന്തര നടപടി വേണമെന്നും നാട്ടുകാർ പറയുന്നു.