വിവാഹച്ചെലവിന് പണം കണ്ടെത്താൻ കവർച്ച നടത്തി കല്യാണത്തിന് ഒരാഴ്ച മുൻപെ പൊലീസ് പിടിയിലായി. മലപ്പുറം അരീക്കോട് ബസ് സ്റ്റാന്റിലെ നാല് മൊബൈൽ കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ അസാം മാഗുർമാരിയിലെ ജിയാബുർ റഹ്മാനാണ് ജയിലിലായത്.
അരീക്കോട് ടൗണിലെ അൽ ധവാൽ മൊബൈൽ ഷോപ്പ് അടക്കം കടകൾ കുത്തി തുറന്നിരുന്നു. അൽ ധവാൽ മൊബൈൽ ഷോപ്പിൽ നിന്ന് നഷ്ടപ്പെട്ട 20,000 രൂപയും പൊലീസ് കണ്ടെടുത്തു. മോഷണശേഷം അസാമിലേക്ക് കടക്കാൻ ശ്രമിക്കവെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിയെ റെയിൽവേ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. കൊണ്ടോട്ടി എഎസ്പി കാർത്തികിൻ്റെ മേൽനോട്ടത്തിൽ അരീക്കോട് എസ്ഐ വി. രേഖയുടെ നേതൃത്വത്തിലാണ് പ്രതിയെ വലയിലാക്കിയത്.
ജനുവരി എട്ടിന് പ്രതിയുടെ വിവാഹമാണ്. കല്ല്യാണത്തിനുള്ള പണം കണ്ടെത്താനാണ് കേരളത്തിൽ എത്തി മോഷണം നടത്തിയത്. സമാനമായ ഏഴ് കേസിലെ പ്രതിയാണിയാൾ. സിസിടിവി ദൃശ്യം പരിശോധിച്ച് അതിവേഗം പ്രതിയെ പിടികൂടാൻ പൊലീസിനായി. ദിവസങ്ങൾക്ക് മുൻപ് സാളി ഗ്രാമ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന പ്രതിയെയും 24 മണിക്കൂറിനകം അരീക്കോട് പൊലീസ് പിടികൂടിയിരുന്നു.