നിലമ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനായി അടവുസഖ്യത്തിന് ഒരുങ്ങി പി.വി. അന്‍വറിന്‍റെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. നിലമ്പൂരിലെ വഴിക്കടവ് ജില്ല പഞ്ചായത്ത് ഡിവിഷനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ജില്ലയിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് തടസം നില്‍ക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ മല്‍സരിച്ച പി.വി.അന്‍വറിനെതിരെ ശക്തമായ നിലപാട് എടുത്ത പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഇപ്പോള്‍ തീരുമാനം മയപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ മലപ്പുറം ജില്ലയില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എമാരായ എ.പി.അനില്‍കുമാറും ആര്യാടന്‍ ഷൗക്കത്തും തദ്ദേശ തിരഞ്ഞെടുപ്പില്‍ പി.വി.അന്‍വറിന്‍റെ പാര്‍ട്ടിയുമായുളള ഐക്യശ്രമങ്ങള്‍ക്ക് എതിരു നില്‍ക്കുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആക്ഷേപം.
തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാതെ നിലമ്പൂര്‍ മണ്ഡലത്തിലെങ്ങും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ അടവുനയം സ്വീകരിക്കുന്നത്.കോണ്‍ഗ്രസ് പതിവായി തോല്‍ക്കുന്ന വാര്‍ഡുകള്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കാന്‍ തയാറാവുന്നില്ലെന്നും പറയുന്നു.വഴിക്കടവ് ജില്ല പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ച് കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനാണ് പി.വി.അന്‍വറിന്‍റെ തീരുമാനം.കഴിഞ്ഞ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍4500ല്‍ അധികം വോട്ട് വഴിക്കടവില്‍ നിന്ന് പി.വി.അന്‍വര്‍ നേടിയിരുന്നു.
കോണ്‍ഗ്രസ് മല്‍സരിക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിലെ 50വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് തൃണമൂലിന്‍റെ തീരുമാനം. കോണ്‍ഗ്രസ് എതിര്‍ക്കുബോഴും മുസ്്ലീം ലീഗ് തങ്ങള്‍ക്കൊപ്പമാണന്ന വിശ്വാസത്തിലാണ് പി.വി.അന്‍വര്‍ മുന്നോട്ടു പോവുന്നത്.