എസ്.ഐ.ആർ നടപടികൾക്കായി കേരളത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ട മുഖ്യമന്ത്രിയാണ് കേരളത്തിന്‍റേതെന്ന് പിവി അന്‍വര്‍. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി വാദിക്കാന്‍ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായ മമത ബാനര്‍ജി സുപ്രീംകോടതിയിൽ നേരിട്ട് എത്തിയിട്ടുണ്ടെങ്കിൽ നമ്മുടെ മുഖ്യമന്ത്രിക്ക് ഇനിയും ഒത്തിരി പഠിക്കാനുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രതിപക്ഷ മുഖ്യമന്ത്രിമാർ എസ്.ഐ.ആറിനെതിരെ നിയമ സഭകളിലും രാജ്യത്തെ തെരുവുകളിലും ഒരുപോലെ പ്രതിഷേധത്തിന്റെ വിവിധ മാതൃകകൾ തീർക്കുമ്പോൾ,വേറിട്ട രീതിയിൽ അതിന് കരുത്തും ഊർജ്ജവുമായി മാറുകയാണ് ബംഗാൾ മുഖ്യമന്ത്രിയെന്നും അന്‍വര്‍ കുറിച്ചു.
ബംഗാളിലെ എസ്ഐആറില്‍ അസാധാരണ നീക്കവുമായാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രീംകോടതിയില്‍ എത്തിയത്. അവസരം തന്നതിന് കോടതിയോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഹര്‍ജി പാര്‍ട്ടിക്കല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ്. ബംഗാളിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷ്യം വയ്ക്കുന്നെന്നും വോട്ടര്‍മാരുടെ ബുദ്ധിമുട്ടുകള്‍ വിവരിച്ച് മമത പറഞ്ഞു. എസ്ഐആര്‍ സാധുതയെക്കുറിച്ച് വാദം കേള്‍ക്കാനാവില്ലെന്നും സംസ്ഥാനം സഹകരിക്കുന്നില്ലെന്ന് തിര. കമ്മിഷന്‍ പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ തിര.കമ്മിഷന്‍ വാദം പച്ചക്കള്ളമെന്ന് മമത ബാനര്‍ജി മറുപടി നല്‍കി.
വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നേരിട്ട് വാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു മമത. ഇന്ന് രാവിലെ പത്തേകാലോടെയാണ് മമതാ ബാനർജി സുപ്രീംകോടതിയിൽ എത്തിയത്. വിഷയം ഇന്ന് പരിഗണിച്ചാൽ വാദിക്കാൻ അനുമതി തേടി മമത അപേക്ഷ നൽകുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജികൾ പരിഗണിച്ചത്. മമതാ ബാനർജി സുപ്രീംകോടതിയിൽ എത്തിയത് കണക്കിലെടുത്ത് വൻ സുരക്ഷാ വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.