മലയാളത്തിന്റെ സാംസ്കാരികോത്സവമായ ഹോർത്തൂസിനെ വരവേൽക്കാൻ എത്തിയത് ഒട്ടേറെ ഭിന്നശേഷി പ്രതിഭകൾ. മലപ്പുറം പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ് ഡിസേബിൾഡിന്റെ സഹകരണത്തോടെ ആയിരുന്നു സംഗമം. . പരിധികളും പരിമിതികളുമില്ലാത്ത ജീവിതോത്സാഹത്തിന്റെ നേർക്കാഴ്ചയായിരുന്നു ഹോർത്തൂസ് ഭിന്നശേഷി പ്രതിഭാസംഗമം.
പരിമിതികളെ അതിജീവിച്ച് മുട്ടിപ്പാട്ടും കോൽക്കളിയും ഒപ്പനയുമൊക്കെയായി അവർ കളം നിറഞ്ഞപ്പോൾ സന്തോഷം വർണശലഭങ്ങളെപ്പോലെ എബിലിറ്റി ക്യാംപസിൽ നിറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾക്കു പുറമേ, എഴുത്തിന്റെ രസതന്ത്രങ്ങളറിയാൻ സാഹിത്യ ശിൽപശാലയും മാജിക് ഷോയും സംഗമത്തിന്റെ ഭാഗമായിരുന്നു. പ്രമുഖ എഴുത്തുകാരിയായ വി.കെ.ദീപ നേതൃത്വം നൽകിയ ശിൽപശാലയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന ബഷീർ മുഖ്യാതിഥിയായി. സാഹിത്യരചനയും ചിത്രകലയും ഒരുപോലെ വഴങ്ങുന്ന സി.എച്ച്.മാരിയത്ത്, സാഹിത്യ, ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഷബ്ന പൊന്നാട് എന്നിവരും ശിൽപശാലയിൽ പങ്കെടുത്ത് സദസ്സുമായി സംവദിച്ചു. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനും വിജയം കൊയ്യാനും മാജിക്കിലൂടെ വിദ്യാർഥികളെ പ്രേരിപ്പിച്ച് പ്രശസ്ത മജിഷ്യൻ ആർ.കെ.മലയത്തും കാണികളുടെ കയ്യടി നേടി.
ഭിന്നശേഷിക്കാരായ വിദ്യാർഥി പ്രതിഭകൾക്കു പുറമേ, അവരുടെ രക്ഷിതാക്കളും സംഗമത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ടി.വി. ഇബ്രാഹിം എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്തു പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ് ഡിസേബിൾഡ് ചെയർമാൻ ഡോ.കെ.അഹമ്മദ് കുട്ടി, കോഴിക്കോട് വിമാനത്താവള ഡയറക്ടർ മുനീർ മാടമ്പാട്ട്, മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോൺ, എബിലിറ്റി ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ കെ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.