തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടത്തിയ സ്ത്രീ വിരുദ്ധ പ്രസംഗത്തില്‍ മാപ്പു പറഞ്ഞ് ലപ്പുറം തെന്നലയിലെ സിപിഎം നേതാവ് സെയ്ദലവി മജീദ്. തന്റെ പ്രസംഗം പരിധി കടന്നെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും സെയ്ദലവി പറഞ്ഞു. മുസ്ലിം ലീഗിലെ സ്ത്രീകളെ അധിക്ഷേപിച്ചാണ് മുൻ ലോക്കൽ സെക്രട്ടറി സെയ്ദലി മജീദ് വിവാദ പ്രസംഗം നടത്തിയത്. സ്ത്രീസമത്വവും ആദരവും എന്നും പിന്തുണയ്ക്കുന്ന ആളാണെന്നും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സെയ്ദലവി മജീദ് പറഞ്ഞു.
അന്യ ആണുങ്ങളുടെ മുന്നിൽ നിസ്സാര ഒരു വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ കൊണ്ടുവന്ന് മുന്നിൽ കാഴ്ച്ചവക്കുകയാണെന്നായിരുന്നു സെയ്ദലവിയുടെ പരാമര്‍ശം. തന്‍റെ വീട്ടിലും കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളുണ്ട്. അവരെയൊക്കെ കെട്ടി കൊണ്ടുവന്നത് ഭർത്താക്കൻമാരുടെ കൂടെ അന്തിയുറങ്ങാനാണ്. കല്യാണം കഴിക്കുമ്പോൾ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണെന്നും സെയ്ദലവി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതല്ല ഇതിലും വലുത് കേൾക്കേണ്ടി വരും. അതിനൊക്കെയുള്ള ഉളുപ്പ് ഉണ്ടെങ്കിൽ ഇറങ്ങിയാൽ മതി. ഈ പറഞ്ഞതിനെതിരെ കേസ് വേണമെങ്കിൽ കൊടുത്തോളൂ, നേരിടാൻ അറിയാം എന്നായിരുന്നു സെയ്ദലി പ്രസംഗിച്ചത്. പഞ്ചായത്ത് അംഗമായി തിരഞ്ഞെടുത്തതിന്‍റെ സ്വീകരണത്തിലാണ് വിവാദ പ്രസംഗം. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കേട്ട് ഇണികള്‍ കയ്യടിക്കുന്നതും വിഡിയോയില്‍ കാണാം. ഇത് പിന്നീട് വാര്‍ത്തയായതോടെയാണ് സെയ്ദലവി മാപ്പു പറഞ്ഞത്.