പാലക്കാട് മണ്ണാർക്കാട് ബിജെപിയുടെ വിജയാഘോഷത്തിൽ നൃത്തം ചെയ്തതില്‍ വിശദീകരണവുമായി സിപിഎം സ്ഥാനാർഥി അഞ്ജു സന്ദീപ്. മരിക്കുന്നതുവരെ സഖാവായിരിക്കുമെന്നും ബിജെപി സ്ഥാനാർഥിയുടെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തത് പാർട്ടി നോക്കിയല്ല, വ്യക്തിപരമായ ബന്ധങ്ങൾ കാരണമാണെന്നും അഞ്ജു പറഞ്ഞു.
'ഇങ്ങനെയൊക്കെയാവുമെന്ന് പ്രതീക്ഷിച്ചില്ല. ആ ചേച്ചിയുടെ കൂടെ ഞാൻ കാലങ്ങളായി വർഷങ്ങളായി തിരുവാതിരകളിയും കൈകൊട്ടിക്കളിയുമൊക്കെ കളിക്കാറുണ്ട്. ആ സന്തോഷത്തിൽ പങ്കുചേരാൻ പോയി എന്ന് മാത്രമേ ഉള്ളൂ. അല്ലാതെ രാഷ്ട്രീയക്കാർ ഇതിൽ ഇങ്ങനെ ഇങ്ങനെ ഒരു വാർത്ത കൊണ്ടുവരും എന്ന് അറിയില്ലായിരുന്നു. അല്ലാതെ എന്റെ പാർട്ടിയെ ഒഴിവാക്കിക്കൊണ്ടോ പാർട്ടിയെ എതിരായിക്കൊണ്ടോ അല്ല പോയത്. ഞാൻ ഇപ്പോഴും കമ്യൂണിസ്റ്റുകാരിയായിട്ട് തന്നെ നിൽക്കുന്നത്. സഖാവായിട്ട് തന്നെയാണ് നില്‍ക്കുന്നത്,' അഞ്ജു പറഞ്ഞു.
മണ്ണാർക്കാട് നഗരസഭ വാർഡ് 24ൽ സിപിഎം സ്ഥാനാർത്ഥിയായിരുന്നു അഞ്ജു സന്ദീപ്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച അഞ്ജു കാരാക്കുറിശ്ശി പഞ്ചായത്തിൽ 6 ആം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.