മലപ്പുറം പൊന്നാനി പാലപ്പെട്ടിയിലും വെളിയങ്കോടും കടലാക്രമണത്തിൽ 2 വീടുകൾ തകർന്നു. ഒട്ടേറെ വീടുകളിലേക്ക് വെള്ളം കയറി. തീരദേശ റോഡുകൾ തകർന്നു.
മഴക്കൊപ്പമാണ് കടലാക്രമണം ശക്തമായത്. പെരുമ്പടപ്പ് വില്ലേജിലെ പാലപ്പെട്ടി ബീച്ചിന് സമീപത്തെ വടക്കൂട്ട് മൊയ്‌തീൻ, കറുപ്പം വീട്ടിൽ സുലൈമാൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. കടലാക്രമണത്തിൽ കടൽഭിത്തി തകർന്നതോടെ തീരത്ത് നിന്ന് 15 മീറ്ററോളം അകലെയുണ്ടായിരുന്ന വീടുകളാണ് തകർന്നത്. സമീപത്തെ 10 വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. വെളിയങ്കോട് വില്ലേജിലെ തണ്ണിത്തുറ, പത്തുമുറി മേഖലയിലും കടലാക്രമണം രൂക്ഷമായി തുടരുകയാണ്. തീരദേശത്തെ ബന്ധിപ്പിച്ചുള്ള 3 റോഡുകളും കടലാക്രമണത്തിൽ തകർന്നു. പ്രദേശത്ത് ഒട്ടേറെ വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി.
വീടു തകർന്നവരും വെള്ളം കയറിയ ചില കുടുംബങ്ങളും വൈകുന്നേരത്തോടെ ബന്ധു വീടുകളിലേക്ക് താമസം മാറി. നൂറോളം കുടുംബങ്ങൾ കടലാക്രമണ ഭീഷണി നേരിടുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങളായി തകർന്നു കിടക്കുന്ന ഭിത്തി പുനർ നിർമിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായിട്ടുണ്ട്.