കരിപ്പൂരില്‍ എസ്എച്ചഒ നേരത്തേ താമസിച്ചിരുന്ന വീട്ടില്‍നിന്ന് എംഡിഎം പിടിച്ച കേസില്‍ പൊലീസിന്റെ വിചിത്ര നടപടി. ആരോപണവിധേയനായ എസ്എച്ചഒ എം.അബ്ബാസലിയെ ഡിറ്റക്ടിങ് ഓഫിസറാക്കി. വീട്ടുടമയ്ക്ക് എസ്.എച്ച്.ഒയുമായി അടുത്ത ബന്ധമെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ലഹരിബന്ധമുള്ള പ്രതിയുടെ വീട്ടില്‍നിന്ന് മാറിത്താമസിക്കണമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അബ്ബാസലി നേരത്തേ അവഗണിച്ചിരുന്നു. കഴിഞ്ഞദിവസാണ് എസ്.എച്ച്.ഒ വീടൊഴിഞ്ഞത്. എസ്.പിയുടെ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടുടമ മുഹമ്മദ് കബീര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ 40 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
കരിപ്പൂർ സ്വദേശി മുഹമ്മദ് കബീർ, എറണാകുളം പള്ളുരുത്തി സ്വദേശി സാദത്ത്, വേങ്ങര സ്വദേശി ഹർഷദ് അലി, കോഴിക്കോട് പന്തീരങ്കാവ് സ്വദേശി നിസാർ റഹ്മാൻ എന്നിവരാണ് പിടിയിലായത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കബീറിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് ഇന്നലെ എംഡിഎംഎ പിടികൂടിയത്. 15 മണിക്കൂർ നീണ്ട പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
ഈ വീട്ടിലെ മുറിയിൽ നേരത്തെ കരിപ്പൂര്‍ എസ്എച്ച്ഒയും താമസിച്ചിരുന്നു. 2 ഗ്രാം എംഡിഎംഎയാണ് എസ്എച്ചഒ താമസിച്ചയിടത്തുനിന്നും കണ്ടെടുത്തത്. ഇതോടെ പിടിയിലായരുടെ പൊലീസ് ബന്ധത്തെ കുറിച്ചും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അതേ എസ്എച്ച്ഒയെ തന്നെ ഡിറ്റക്ടിങ് ഓഫിസറാക്കിയുള്ള പൊലീസിന്റെ നടപടി.