നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്നും ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ്. പുതുതായി വോട്ടർപട്ടികയിൽ പേര് നൽകാൻ 20803 പേർ അപേക്ഷ നൽകിയിട്ടുണ്ട്. അന്തിമ വോട്ടര്‍ പട്ടിക ഈ മാസം അഞ്ചിന് പ്രസിദ്ധീകരിക്കും.
ഉപതെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടമാകുന്ന വിധത്തിലാണ് പുതിയ വോട്ടർമാരാകാനുളള അപേക്ഷകരുടെ എണ്ണം വർധിക്കുന്നത്. രാഷ്ട്രീയപാർട്ടികളുടെ ഇടപെടലിന്റെ ഭാഗമായി സമീപത്തെ മറ്റു നിയമസഭ മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടർമാരെ നിലമ്പൂരിൽ പുതുതായി ചേർക്കാൻ സാധ്യതയുണ്ടെന്ന പരാതികളുണ്ട്. പരാതികൾ പരിഹരിച്ച് കുറ്റമറ്റ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ, വിവിപാറ്റ് എന്നിവയുടെ പ്രഥമിക പരിശോധന പൂർത്തിയായിട്ടുണ്ട്. 408 ബാലറ്റ്‌യൂണിറ്റുകളുടെയും 408 കൺട്രോൾ യൂണിറ്റുകളുടെയും 408 വിവിപാറ്റ് യൂണിറ്റുകളുടെയും പരിശോധനയും നടന്നു. 1100 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. നിലമ്പൂർ മണ്ഡലത്തിൽ 59 പോളിങ് ബൂത്തുകളാണ് പുതിയതായി വന്നത്. മണ്ഡലത്തിൽ ആകെ 263 ബൂത്തുകളാണുണ്ടാവുക.