തടയാൻ സംവിധാനങ്ങളില്ലാതായതോടെ മലയോര മേഖലയിൽ കാടിനെ വിഴുങ്ങി നശിപ്പിക്കുകയാണ് മ്യുകൂണ വർഗ്ഗത്തിൽപെട്ട തോട്ടപ്പയറുകൾ. മലപ്പുറം ചോക്കാടൻ മലവാരത്തിൽ നൂറുകണക്കിന് ഏക്കറിലെ സ്വാഭാവിക വനത്തെ ഇതിനകം വള്ളികൾ മൂടിക്കഴിഞ്ഞു. കടുത്ത ചൂടിലും നന്നായി വളരുന്ന ഇവ വേനൽക്കാലത്ത് ഉണങ്ങില്ല എന്നതും പ്രത്യേകതയാണ്.
റബ്ബർ കർഷകർ കൃഷി ഭൂമിയിൽ നൈട്രജൻ സമൃദ്ധിക്കും മണ്ണൊലിപ്പ് തടയാനും കളകളുടെ വളർച്ച തടയാനുമാണ് തോട്ടപ്പയറുകൾ ഉപയോഗിച്ചിരുന്നത്. കൃഷിഭൂമിയിലെ തോട്ടപ്പയർ വ്യാപനം കർഷകർ തന്നെ നശിപ്പിക്കാറാണ് പതിവ്. പ്രളയത്തിലുണ്ടായ മലയിടിച്ചിലിന്റെയും ഒഴുക്കിന്റെയും ഭാഗമായി സംരക്ഷിത വനമേഖലകളിലേക്കും തോട്ടപ്പയർ വ്യാപിച്ചു. വൻമരത്തിൽ വള്ളി പടർന്നു കയറിയാൽ രണ്ടു വർഷം കൊണ്ട് മരം നശിക്കും. വ്യാപിച്ച പ്രദേശത്തെ മറ്റു മരങ്ങളെല്ലാം നശിച്ച് തോട്ടപ്പയർ മാത്രം ബാക്കിയാകുന്ന അവസ്ഥയാണുള്ളത്.
ഇവ പടർന്നു പന്തലിക്കുന്ന ഭാഗത്ത് വൻമരങ്ങൾ അല്ലാതെ അടിക്കാടുകളും ഔഷധസസ്യങ്ങളും പൂർണമായും നശിച്ചു കഴിഞ്ഞു. വള്ളികൾക്കെതിരെ ഫലപ്രദമായ പ്രതിരോധ പ്രവർത്തനം നടത്തിയില്ലെങ്കിൽ വനമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്.