ചുമട്ടുതൊഴിലാളികൾ നിരന്തരം കൂലി വർദ്ധിപ്പിക്കുന്നതിനൊപ്പം ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കച്ചവട സ്ഥാപനം തന്നെ അടച്ചു പൂട്ടുകയാണെന്ന് ബോർഡ് സ്ഥാപിച്ച് മലപ്പുറം വണ്ടൂരിലെ വ്യാപാരി. പാണ്ടിക്കാട് റോഡിലെ HAJR , The Stone boutique എന്ന സ്ഥാപനമാണ് ചുമട്ടുതൊഴിലാളികളുടെ ഭീഷണി കാരണം പ്രവർത്തനം അവസാനിപ്പിച്ചത്. എന്നാൽ ഉടമയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിഐടിയു ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ നാല് ദിവസമായി സ്ഥാപനം പൂട്ടിക്കിടക്കുകയാണ്. മുൻപിൽ ഈ കാണുന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ജില്ലയിൽ പല ടൗണുകളിലും സമാന സ്വഭാവമുള്ള സ്ഥാപനങ്ങളുണ്ടെന്നും ഏറ്റവും കൂടുതൽ ചുമട്ടുകൂലി നൽകുന്നത് വണ്ടൂരിലാണന്നും വ്യാപാരി ചൂണ്ടിക്കാട്ടുന്നു. ഇവിടെ തൊഴിലാളികൾ അമിതമായി കൂലി വർധിപ്പിച്ചതിനാൽ ഈ നിലയിൽ സ്ഥാപനം മുന്നോട്ടു പോകാൻ കഴിയില്ലന്ന് വ്യാപാര സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരൻ പറഞ്ഞു.
നിലവിൽ സ്ഥാപനത്തിൽ വിൽപ്പന നടക്കുന്നത് ചുമട്ടുതൊഴിലാളികൂലിയടക്കം കൂട്ടിയാണ് . സമീപപ്രദേശങ്ങളിൽ ചുമട്ടു തൊഴിലാളികളുടെ കൂലി കുറവായതിനാൽ, ഈ രീതിയിൽ കച്ചവടം മുന്നോട്ടു പോകാൻ കഴിയില്ലെന്നും പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അപ്പാടെ തള്ളുകയാണ് സിഐടിയു ഭാരവാഹികൾ . വർഷങ്ങൾക്കു മുമ്പ് ഒരു പുതിയ സ്ഥാപനം വരുന്നു എന്ന നിലയ്ക്ക് കുറഞ്ഞ നിരക്കിലാണ് ഇവരുടെ സാധനങ്ങൾ കയറ്റി ഇറക്കുന്നത് ചെയ്തിരുന്നത്. പകരമായി സൈറ്റിലെ അടക്കമുള്ള ജോലികൾ തൊഴിലാളികൾക്ക് നൽകാമെന്നും രേഖ മൂലം ഉടമ്പടി ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതെല്ലാം ലംഘിക്കപ്പെട്ടതോടെയാണ് കൂലി വർധനവ് ആവശ്യപ്പെട്ടത്.