മലപ്പുറം ചോക്കാട് ആദിവാസി നഗറിലെ ആനമതിൽ കാട്ടാനകൾ തകർത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധം. മതിൽ തകർന്നതോടെ ദിവസങ്ങളായി ആനപ്പേടിയിലാണ് പ്രദേശത്തെ ആദിവാസി കുടുംബങ്ങൾ.
കാടിനോട് ചേർന്നുള്ള വീടുകളുടെ സംരക്ഷണത്തിനായി ഇരുപത് വർഷം മുമ്പ് നിർമ്മിച്ച കരിങ്കൽ മതിലാണ് കാട്ടാനകൾ തകർത്തത്.
നിരന്തരം ആന ശല്യം രൂക്ഷമായതോടെ രാത്രി പുറത്തിറങ്ങാൻ കഴിയാതെയാണ് ആദിവാസികൾ കഴിയുന്നത്. അൻപത് ആദിവാസി കുടുംബങ്ങളുണ്ട് കോളനിയിൽ. വീട്ടുമുറ്റത്തുള്ള കൃഷികൾ അത്രയും ആനക്കൂട്ടം നശിപ്പിച്ചു.
വീടുകളുടെ ഒരു ഭാഗത്ത് സോളാർ ഇലക്ട്രിക് വേലി സ്ഥാപിച്ചിട്ടുണ്ട്.ഇതുവഴി മറുപുറം കടക്കാൻ കഴിയാത്ത ആനകൾ മതിൽ കുത്തി മറിച്ചാണ് കോളനിയിൽ എത്തുന്നത്.നേരം ഇരുട്ടുന്നതോടെ കാട്ടാനകൾ കൂട്ടമായെത്തി തുടങ്ങും. പിന്നെ പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളിൽ വാതിലടച്ചിരിക്കേണ്ട അവസ്ഥയാണ് ഇവർക്ക്.