ഷെയര്‍മാര്‍ക്കിലെ ലക്ഷങ്ങളുടെ നഷ്ടം തീര്‍ക്കാന്‍ കമ്പിപ്പാരയുമായി മോഷണത്തിനിറങ്ങിയ എന്‍ജിനീയറിങ് ബിരുദധാരി പിടിയില്‍. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി വിജേഷ് ആണ് കോഴിക്കോട് പറമ്പില്‍ കടവില്‍ എ ടി എം കുത്തിത്തുറക്കുന്നതിനിടെ അറസ്റ്റിലായത്. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് മോഷ്ടിക്കാനിറങ്ങിയതെങ്കിലും ആദ്യശ്രമം തന്നെ പാളി.
സമയം പുലര്‍ച്ചെ രണ്ടര. കണ്‍ട്രോള്‍ റൂം പൊലീസ് പറമ്പില്‍ കടവില്‍ പെട്രോളിങ് നടത്തുന്നു. ഇതിനിടയിലാണ് ജ്വല്ലറിയോട് ചേര്‍ന്നുള്ള ഒരു എടിഎമ്മിന്‍റെ ഷട്ടര്‍ താഴ്ത്തിയിട്ട നിലയില്‍ കണ്ടത്. സംശയം തോന്നിയ പൊലീസുകാര്‍ ഷട്ടര്‍ ഉയര്‍ത്തി നോക്കിയപ്പോള്‍ വിജേഷ് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ കട്ട് ചെയ്യുന്നു . ജ്വല്ലറിയുടെ സിസിടിവി ക്യാമറയടക്കം ദിശ മാറ്റി വെച്ചിട്ടാണ് വിജേഷ് എ ടി എം കുത്തിത്തുറക്കാന്‍ കയറിയത്. എടിഎം കൗണ്ടറിനുള്ളിലെ സിസിടിവി ക്യാമറയിലും സ്പ്രേ പ്രയോഗിച്ചിരുന്നു. കൈയ്യോടെ പിടികൂടിയ വിജേഷിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിനിറങ്ങിയതിന്റ കാരണങ്ങള്‍ വ്യക്തമായത്. കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പഠിച്ച വിജേഷ് ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്നു. ഇതേതുടര്‍ന്ന് 42 ലക്ഷം രൂപയുടെ സാമ്പത്തികബാധ്യതയുണ്ടായി. ഇത് തീര്‍ക്കാന്‍ വേണ്ടിയാണ് എ ടി എം കേന്ദ്രീകരിച്ച് മോഷ്ടിക്കാന്‍ ഇറങ്ങിയത്.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു വിജേഷിന്റ നീക്കങ്ങള്‍. ആദ്യം യു ട്യൂബ് നോക്കി എ ടി എമ്മുകളെക്കുറിച്ച് പഠിച്ചു. പിന്നെ എ ടി എമ്മിനുള്ള കാഷ് നിറയ്ക്കുന്ന കാഷ് സെറ്റ് ഒരു പ്രമുഖ കമ്പനിയുടെ ഷോപ്പില്‍ പോയി വാങ്ങി ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് അത് കട്ട് ചെയ്യാന്‍ പരിശീലിച്ചു.
പിന്നെയാണ് കാറില്‍ മോഷണത്തിനിറങ്ങിയത്. വിജനമായ സ്ഥലത്ത് എടിഎം കണ്ടതുകൊണ്ടാണ് ഇവിടെയിറങ്ങിയതെന്നും വിജേഷ് പറയുന്നു. കാറില്‍ നിന്ന് കമ്പിപ്പാര, ചുറ്റിക എന്നിവയും പൊലീസ് കണ്ടെത്തി