തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 73.56% പോളിങ് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിലെ 70.91% പോളിങ്ങിനെ മറികടന്ന് രണ്ടാം ഘട്ടത്തിൽ 75.85% പോളിങ് രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ് (78.21%).
സംസ്ഥാനത്ത് 2020-ലെ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ ആകെ പോളിങ് ശതമാനം 76.04 ആയിരുന്നു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയത് 73.56% ആണ്. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് വടക്കൻ ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഈ മേഖലയിൽ പോളിങ് 75% കടന്നു. നിലവിലെ കണക്കുകൾ അനുസരിച്ച് വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. തൃശ്ശൂർ ജില്ലയിലാണ് പോളിങ് ശതമാനം കുറവ് രേഖപ്പെടുത്തിയത് (71.31%).
ഉച്ചയോടെ മന്ദഗതിയിലായ പോളിങ് അവസാന മണിക്കൂറിലേക്ക് എത്തിയതോടെ ശക്തമായി. പല ബൂത്തുകളിലും ആറുമണിക്ക് ശേഷവും ക്യൂ തുടർന്നതിനാൽ വോട്ട് രേഖപ്പെടുത്താനായി ടോക്കൺ നൽകി.
കോഴിക്കോട് ജില്ലയിൽ 76% പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 79% ആയിരുന്നു. കോർപ്പറേഷനിലെ പോളിങ് കഴിഞ്ഞ തവണത്തെ 70 ശതമാനത്തിൽ നിന്ന് ഇത്തവണ 68% ആയി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും മൊത്തം കണക്കുകൾ കഴിഞ്ഞ തവണത്തേക്കാൾ കൂടുമോ എന്ന ആകാംഷയിലാണ് മുന്നണികൾ. കോർപ്പറേഷൻ യുഡിഎഫ് പിടിച്ചെടുക്കുമോ, അതോ എൽഡിഎഫ് ആധിപത്യം തുടരുമോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്.
കണ്ണൂരിൽ പോളിങ് 76.54% ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 78% ആയിരുന്നു. ആന്തൂർ നഗരസഭയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് – 87%.
ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ വയനാട്ടിൽ ഉച്ചവരെ നല്ല തിരക്കായിരുന്നു. കഴിഞ്ഞ തവണത്തെ 79% പോളിങ് ശതമാനത്തിലേക്ക് ഇത്തവണയും എത്താൻ സാധ്യതയുണ്ട്. പാലക്കാട് ജില്ലയില്‍ രാത്രി 8 മണിക്ക് ലഭിക്കുന്ന കണക്ക് അനുസരിച്ച് 76.23 ശതമാനം പോളിങ് രേഖപ്പെടുത്തി.
മലപ്പുറം ജില്ലയിൽ (75.85%) പോളിങ് പൊതുവെ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ വലിയ സംഘർഷങ്ങൾ ഉണ്ടായില്ല. പെരിന്തൽമണ്ണ മാനത്തുമംഗലം ബൂത്തിൽ നജീബ് കാന്തപുരം എം.എൽ.എയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സിപിഎം-യുഡിഎഫ് പ്രവർത്തകർ തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. കൊണ്ടോട്ടിക്ക് അടുത്ത് സഹോദരന്റെ വോട്ട് ചെയ്യാൻ ശ്രമിച്ച മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു. സിപിഎം നേതാവിന്റെ മകൾ കോഴിക്കോട് ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുളിക്കൽ പഞ്ചായത്തിൽ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തു.
തൃശ്ശൂർ ജില്ലയിൽ പോളിങ് ശതമാനം (71.31%) കുറവാണെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളിലേക്ക് എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപ്പറേഷനിലെ പോളിങ് 64.71% ആയിരുന്നു. ഇപ്പോൾ 61.21% രേഖപ്പെടുത്തി. ക്യൂവിൽ നിൽക്കുന്നവർ ഉൾപ്പെടെ കണക്കാക്കുമ്പോൾ ഇത് കഴിഞ്ഞ തവണത്തെ ശതമാനത്തിലേക്ക് എത്തും.
പോളിങ് പൂർത്തിയായതോടെ വോട്ടെണ്ണലിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലും 14 ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പ്രചാരണ പോസ്റ്റർ, ബാനർ, കൊടികൾ എന്നിവ ഉടൻ മാറ്റി സ്ഥാപനങ്ങളെല്ലാം വൃത്തിയാക്കണം.