മകന്‍റെ സുഹൃത്താണെന്ന് നടിച്ച് അടുപ്പം കാണിച്ച് വയോധികയുടെ സ്വര്‍ണ കമ്മല്‍ തട്ടിയെടുത്തു. കോഴിക്കോട് മുക്കം ബസ് സ്റ്റാന്‍റിലാണ് പട്ടാപകല്‍ പ്രായമായ സ്ത്രീയെ തട്ടിപ്പിനിരയാക്കിയത്. പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

മുക്കം ബസ് സ്റ്റാന്‍റില്‍ ബസ് കാത്തിരിക്കുകയായിരുന്ന ഫാത്തിമ എന്ന സ്ത്രീയാണ് തട്ടിപ്പിനിരയായത്. പരിചയമുണ്ടോ എന്ന് ചോദിച്ച് ഒരാള്‍ അരികിലെത്തി. ഉമ്മയുടെ മകന്‍റെ സുഹൃത്താണെന്ന് പറഞ്ഞായിരുന്നു പരിചയപ്പെടുത്തല്‍. പാവപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന പദ്ധതിയുണ്ടെന്നും അതിനായി ഇരുപതിനായിരം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. 

മകനോട് സംസാരിക്കാനെന്ന രീതിയില്‍ ഉമ്മയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി അഭിനയിച്ചു. തുടര്‍ന്നാണ് കാതിലുണ്ടായിരുന്ന മുക്കാല്‍ പവന്‍റെ മാല കമ്മല്‍ വയോധിക ഊരി നല്‍കിയത്. പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്നും മുങ്ങി.  പ്രായമാവരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തെ കരുതിയിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കേസ് എടുത്ത് മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ENGLISH SUMMARY:

An elderly woman was duped of her gold earrings in broad daylight at the Mukkom bus stand in Kozhikode by a conman posing as her son's friend. The fraudster approached the victim, identified as Fathima, and convinced her that she was eligible for a ₹10 lakh financial aid scheme if she paid ₹20,000 upfront. After pretending to speak to her son over her phone to gain her trust, he persuaded her to hand over her six-gram gold earrings before fleeing the scene. Mukkom police have registered a case, launched a probe focusing on CCTV footage, and issued a warning to the public against gangs targeting senior citizens.