കോഴിക്കോട് തിരുവണ്ണൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശൂരസംഹാര മഹോത്സവത്തിന് സമാപനം. ദേവാസുരയുദ്ധത്തോടെ ഏഴുദിവസം നീണ്ടുനിന്ന ഉത്സവത്തിനും സമാപനമായി. കൈതപ്രം രചിച്ച നരന് സിനിമയിലെ വേല്‍മുരുക ഹരോ ഹരോ എന്ന ഗാനരംഗം ഈ ഉത്സവത്തിന്റെ പുനരാവിഷ്കാരമാണ്.
നന്മയുടെ വിജയത്തിനായി രഥത്തിലേറി പടനയിച്ച് വരുന്ന വേല്മുരുകന്. കൈവണ്ടികളിലേറി താരകാസുരനും ശൂരപത്മാസുരനും വീരാബാഹുവും. ക്ഷേത്രത്തിലെ ആല്‍ത്തറയിലേക്ക് ചെണ്ടക്കാരുടെ അകമ്പടിയില്‍ ദേവാസുരന്മാര് ഒന്നൊന്നായി വന്നു.
തിരുവണ്ണൂര്‍ മഹാദേവക്ഷേത്രത്തിലും പന്നിയങ്കര ദേവീക്ഷേത്രത്തിലും ഘോഷയാത്രയായി പോയശേഷമാണ് ശൂരപോരിനായി സുബ്രഹ്മണ്യന് ഗണപതിക്കൊപ്പം ആല്‍ത്തറയിലേക്ക് എത്തുന്നത്. യുദ്ധത്തിന് മുമ്പ് മാതാപിതാക്കളോട് അനുവാദം വാങ്ങുന്നുവെന്നാണ് സങ്കല്‍പ്പം. അധികം വൈകാതെആല്ത്തറയും പരിസരവും യുദ്ധക്കളമായി മാറി. പടവെട്ടിന്റെ ഒടുവില്‍ അസുരനിഗ്രഹം. സ്കന്ദഷഷ്ഠിദിനത്തില്‍ അസുരനിഗ്രഹത്തിന് വേല്മുരുകന് പട നയിച്ചുപുറപ്പെടുന്നതിന്റെ ഐതിഹ്യമാണ് ശൂരസംഹാരമഹോത്സവം. തമിഴ്നാട്ടിലെ തിരുച്ചെന്തൂര്‍ മുരുകന് ക്ഷേത്രത്തിലെ ആചാരത്തിന്റ പകര്‍പ്പാണ് ഇവിടുത്തേയും ശൂരസംഹാരമഹോത്സവം.