കോഴിക്കോട് മുക്കം കാരശേരി സഹകരണ ബാങ്കിലെ ഹാക്കിങിന്‍റെ മറവില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് കണ്ടെത്തല്‍. 55 ലക്ഷം രൂപ കംപ്യൂട്ടര്‍ – നെറ്റ് വര്‍ക്കിങ് സേവനങ്ങള്‍ നല്‍കുന്ന ഐ.ടി സ്ഥാപനം തട്ടിച്ചെന്നാണ് തെളിഞ്ഞത്. യൂസര്‍ ഐഡികളും പാസ്വേഡും മോഷ്ടിച്ചെന്നാരോപിച്ച് ബാങ്ക് പൊലീസില്‍ പരാതി നല്‍കും.
യുഡിഎഫ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഹാക്കിങ് നടത്തി അനധികൃതമായി അംഗങ്ങളെ ചേര്‍ത്തത്. അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലുള്ള ബാങ്കാണ് നെറ്റ് വര്‍ക്കിങ് ഐടി സേവനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ ഓഡിറ്റിങ് നടത്തിയത്. ബാങ്കും ഐ.ടി സേവനം നല്‍കിയിരുന്ന കോഴിക്കോട് ആസ്ഥാനമായിട്ടുള്ള പ്ലാനറ്റ്-വിയെന്ന കമ്പനിയും തമ്മിലുള്ള ഇടപാടുകളിൽ 55 ലക്ഷം രൂപയുടെ ക്രമക്കേടുകളാണുകണ്ടെത്തിയത്.
കരാര്‍ പ്രകാരമുള്ള സേവനങ്ങള്‍ നല്‍കാതിരിക്കല്‍, നിര്‍ണായക സുരക്ഷാ സോഫ്റ്റ് വയറുകളുടെ ലൈസന്‍സ് പുതുക്കാതിരിക്കുക. വ്യാജ വൗച്ചറുകള്‍ തുടങ്ങിയവ വഴിയാണിത്. ഇതിനു പുറമെയാണു ബാങ്ക് സ്വകാര്യമായി സൂക്ഷിക്കേണ്ട യൂസര്‍ ഐഡികളും പാസ് വേഡുകളും കമ്പനിയാണ് കൈവശം വയ്ക്കുന്നതെന്നു വ്യക്തമായി. ഇവ തിരികെ നൽകാൻ കമ്പനി തയ്യാറായിട്ടില്ല.
യൂസര്‍ ഐഡിയും പാസ് വേഡും തിരികെയെടുക്കാനായി ആദ്യഘട്ടത്തില്‍ നോട്ടിസ് അയക്കും. പിറകെ പൊലീസില്‍ പരാതി നല്‍കാനാണ് തീരുമാനം. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കേസ് രജിസ്റ്റർ ചെയ്തതല്ലാതെ തുടർനടപടികളിൽ മെല്ലെപ്പോക്കാണന്നാണ് പരാതിക്കാരുടെയും ബാങ്ക് വൃത്തങ്ങളുടെയും പരാതി.