ചൂണ്ടയിടാൻ ഒരു പുഴയും, മത്സ്യങ്ങളെ പിടിക്കാൻ നൂറിലേറെ മത്സരാർഥികളും, മീൻ പിടിച്ചാൽ സമ്മാനവും. കാസർകോട് ഷിറിയ പുഴയിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഡിടിപിസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ദേശീയ ചൂണ്ടയിടൽ മത്സരം ശ്രദ്ധേയമായി. വിനോദസഞ്ചാര ഭൂപടത്തിൽ കാസർകോടിന്റെ പുഴയോരങ്ങളെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് മത്സരം സംഘടിപ്പിച്ചത്.
ചൂണ്ടയെറിഞ്ഞ് കാത്തിരിപ്പാണ്... കൊത്തിയാൽ പിന്നെ വലിക്കണം. ഏറ്റവും വലിയ മീനിനെ സ്വന്തമാക്കണം. ഷിറിയ പുഴയിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഡിടിപിസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ദേശീയ ചൂണ്ടയിടൽ മത്സരം അങ്ങനെ ആവേശകരമായി മാറി. പരിപാടിയുടെ ഉദ്ഘാടനം വിസിൽ മുഴക്കി കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു.
പുഴകളെ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര സാധ്യതകൾ ദേശീയതലത്തിൽ പരിചയപ്പെടുത്തുക കൂടിയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. സാധാരണ ചൂണ്ടയിടലിൽ നിന്ന് വ്യത്യസ്തമായി കൃത്രിമ ഇരകൾ മാത്രം ഉപയോഗിച്ചുള്ള ലൂർ കാസ്റ്റിംഗ് രീതിയിലായിരുന്നു മത്സരം. പിടിക്കുന്ന മീനുകളെ അളന്ന് തൂക്കം രേഖപ്പെടുത്തിയ ശേഷം തിരികെ പുഴയിലേക്ക് വിടുന്നതിനും പ്രോത്സാഹനം നൽകി. ഇതോടെ ഷിറിയ പുഴയുടെ വിനോദ സഞ്ചാര സാധ്യതകൾക്ക് കൂടിയാണ് തുടക്കമായത്.