കാസർകോട് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി കെ.പി.സി.സി സെക്രട്ടറി സുബ്ബയ്യ റായി രംഗത്ത്. ഡി.സി.സി ഓഫീസിന്റെ മൂന്നാം നിലയിലുള്ള ഹാളിന് തന്റെ പിതാവും മുൻ എം.പിയും കാസർകോട് ഡി.സി.സിയുടെ ആദ്യ പ്രസിഡന്റുമായിരുന്ന രാമറായുടെ പേര് നൽകുന്നതിനായി പി.കെ. ഫൈസൽ 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് സുബ്ബയ്യ റായി കെ.പി.സി.സി നേതൃത്വത്തിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പി.കെ. ഫൈസൽ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നതോടെ കാസർകോട് കോൺഗ്രസിലെ വിഭാഗീയതയും ഭിന്നതയും വീണ്ടും രൂക്ഷമായിരിക്കുകയാണ്.

പരാതി പുറത്തുവന്നതിന് പിന്നാലെ പി.കെ. ഫൈസലിനെതിരെ രൂക്ഷ വിമർശനവുമായി കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. കാസർകോട് കോൺഗ്രസിനെ കെട്ടിപ്പടുത്ത രാമറായുടെ സ്മാരകത്തിനായി പണം ആവശ്യപ്പെട്ടത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു. 

"ചില ആളുകൾക്ക് രാഷ്ട്രീയം വയറ്റിപ്പിഴപ്പും ഉപജീവനവുമാണ്. ഡി.സി.സി പ്രസിഡന്റ് നടത്തുന്നത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളാണ്. ഒരേ ഹാൾ കാണിച്ച് നിരവധി ആളുകളോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. കൃപേഷിന്റെയും ശരത്‌ലാലിന്റെയും സ്മാരകങ്ങൾ നിർമ്മിക്കാൻ പോലും സ്ഥലം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം പണപ്പിരിവുകൾ നടക്കുന്നത്," രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. 

തന്നെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെ.പി.സി.സിക്ക് പരാതി നൽകിയത് പി.കെ. ഫൈസൽ മാത്രമാണെന്നും മറ്റ് ഡി.സി.സി അംഗങ്ങൾ ആരും അതിന് പിന്നിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ പരാതികൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും മുഴുവൻ വിവരങ്ങളും കെ.പി.സി.സി പ്രസിഡന്റിനെ നേരിട്ട് ബോധ്യപ്പെടുത്തി അന്വേഷണം ആവശ്യപ്പെടുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതേസമയം, വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് പരാതിക്കാരനായ സുബ്ബയ്യ റായി അറിയിച്ചു.  

ENGLISH SUMMARY:

KPCC Secretary Subbayya Rai has leveled serious financial allegations against Kasaragod DCC President P.K. Faisal, claiming he demanded ₹20 lakh to name a hall in the DCC office after his late father and former MP, Rama Rai. The leak of this formal complaint submitted to the KPCC leadership has severely intensified factionalism and internal rifts within the Kasaragod Congress unit. Backing the allegations, Kasaragod MP Rajmohan Unnithan launched a scathing attack on Faisal, accusing him of committing serious financial offenses and repeatedly soliciting funds from multiple people for the same hall.