ഓലമേഞ്ഞ വീടും മണ്‍ഭിത്തിയുമെല്ലാം പഴയ കാലത്തെ ഓര്‍മകളാണ്. ഗൃഹാതുരമുണര്‍ത്തുന്ന അത്തരം ഒരു കാഴ്ച തിരുവനന്തപുരം മംഗലപുരം വാവറമ്പലത്തുണ്ട്. സുമനന്‍റെ തിരുവോണം ചായക്കട. കൊടും വേനലിലും കുളിര്‍മ പേറുന്ന ചായക്കടയിലിരുന്ന് കടുപ്പത്തിലൊരു ചായ കുടിച്ചാല്‍ ഒരു 20 വര്‍ഷം പുറകോട്ട് സഞ്ചരിച്ച ഫീലാണ്. 

തിരുവോണം ചായക്കടയ്ക്ക് 75 വയസ് പ്രായമുണ്ട്. സുമനന്‍റെ അച്ഛന്‍ സദാനന്ദൻ തുടങ്ങിയ കടയാണ്. അച്ഛന്‍റെ മരണശേഷം സുമനനായി കടയുടെ എല്ലാം. ഇവിടത്തെ മണ്‍ഭിത്തിക്കും ഓലമേഞ്ഞ മേൽകൂരയ്ക്കും പറയാനുള്ളത് മൂന്നുതലമുറയുടെ ഓര്‍മകള്‍.

ചാണകം മെഴുകിയ തറ സിമന്‍റ് തറയാക്കി എന്ന മാറ്റമൊഴിച്ചാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും എല്ലാം അതേപടി. തൊളിമണ്ണ് കൊണ്ട് നിര്‍മിച്ച ഭിത്തിയുടെ തണുപ്പ് കടയ്ക്കുള്ളിലാകെയുണ്ട്. ചുമന്ന ഭിത്തിയില്‍ നിരത്തിയൊട്ടിച്ച സിനിമാ പോസ്റ്ററുകള്‍ വെള്ളിത്തിരയുടെ പ്രതാപകാലത്തിന്‍റെ കഥ പറയുന്നു. പഴക്കംചെന്ന് നിറം മങ്ങിയെങ്കിലും കൂടിയിരിക്കുന്നവരുടെ ഇഴയടുപ്പം കൂട്ടുന്ന ബെഞ്ചുകളും ഡെസ്കുകളും. ചൂടുചൂട് ഉഴുന്നുവടയും പരിപ്പുവടയും ബോണ്ടയും നിറഞ്ഞ ചില്ലുകൂട് കാലം മായ്ക്കാത്ത മറ്റൊരു കാഴ്ച. എന്തിന്, കട തുടങ്ങിയപ്പോള്‍ അച്ഛന്‍ കൂട്ടിയ അടുപ്പ് പോലും അങ്ങനെതന്നെ സൂക്ഷിച്ചിട്ടുണ്ട് സുമനന്‍.

പലയിടങ്ങളിൽ നിന്ന് പണികഴിഞ്ഞു വരുന്നവരെല്ലാം വിഴുപ്പഴിച്ചു വെച്ച് കൊച്ചുവര്‍ത്തമാനം പറഞ്ഞ് ഒത്തുകൂടുന്ന ചായക്കട. വന്നുപോകുന്നവരെല്ലാം പരസ്പരം അറിയാവുന്നവര്‍. കടുപ്പത്തിലും മധുരത്തിലും ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ സുമനന് മനപാഠം. രാവിലെ പഴമയുടെ മാധുര്യമുള്ള ചായയ്ക്കൊപ്പം ദോശയും രസവടയുമുണ്ട്, വൈകിട്ട് ചെറുകടികളുടെ സമയമാണ്. പാചകത്തിന് സുമനന് കൂട്ട് ഭാര്യയുമുണ്ട്.

ENGLISH SUMMARY:

Nestled in Vavarambalam, Mangalapuram, Suman's 75-year-old 'Thiruvananthapuram Thiruvonam Tea Shop' offers visitors a nostalgic step back in time with its traditional mud walls and thatched roof. Originally established by Suman's father, Sadanandan, the rustic eatery maintains its vintage charm, featuring old movie posters, wooden benches, and the original hearth. Alongside hot snacks like uzhunnu vada and parippu vada prepared with his wife's assistance, the shop serves as a warm community hub for locals. This enduring establishment beautifully preserves the relaxed rural atmosphere and simple flavors of decades past despite modern advancements.