spa-kozhikode

കൂണുപോലെ മുളച്ചുപൊന്തിയ സ്‌പാകളെ കുറിച്ച് വ്യക്തമായ കണക്കില്ലാതെ കോഴിക്കോട് കോര്‍പ്പറേഷന്‍. അനധികൃത സ്പാകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറയുമ്പോഴാണ് കൃത്യമായ കണക്കില്ലാതെ കോര്‍പ്പറേഷന്‍ നട്ടംതിരിയുന്നത്. നഗരത്തിലെ ഭൂരിഭാഗം സ്പാകളും പ്രവര്‍ത്തിക്കുന്നത് കോര്‍പ്പറേഷന്‍റെ ഷോപ്പ് ലൈസന്‍സോടെയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

നഗരത്തിലെ ഒരു ചുമര് പോലും വിടാതെ ഫോണ്‍ നമ്പര്‍ സഹിതം സ്പാകളുടെ പരസ്യമുണ്ട്. എന്നിട്ടുപോലും നഗരത്തില്‍ എത്ര സ്പാകള്‍ ഉണ്ടെന്ന് കോഴിക്കോട് കോര്‍പ്പറേഷന് ധാരണയില്ല.  പരസ്യം നീക്കം ചെയ്ത ശുചീകരണതൊഴിലാളികളെ സ്പാ ജീവനക്കാര്‍ മര്‍ദിച്ചിട്ടും നടപടിയെടുക്കാന്‍ കോര്‍പ്പേറഷന്‍ ചെറുവിരല്‍ അനക്കിയില്ലെന്നതാണ് യാഥാര്‍ഥ്യം

പൊലീസിന്‍റെ ഓപ്പറേഷന്‍ സ്പാ എന്ന റെയ്ഡില്‍ നഗരത്തിലെ ഭൂരിഭാഗം സ്പാകളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു.  പൊലീസ് പരിശോധന നടത്തിയ 75 സ്പാകള്‍ക്കും ഡിഎംഒ ലൈസന്‍സുമില്ല. ചിലതിനാകട്ടെ കോര്‍പ്പറേഷനും വ്യവസായ കേന്ദ്രവും അനുവദിച്ച ലൈസന്‍സാണുള്ളത്.  

 നിയമനടപടി ശക്തമാക്കാനായി പൊലീസ് കണക്ക് ചോദിച്ചതോടെയാണ് ഏത് കണക്കെന്ന് കോര്‍പ്പറേഷന്‍ തിരിച്ചുചോദിച്ചത്. വീടുകളില്‍ പോലും സ്പാ,  മസാ‍ജ് സെന്‍ററുകള്‍ എന്ന പേരില്‍ പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നും ആരോപണമുയരുന്നുണ്ട്. 

ENGLISH SUMMARY:

Kozhikode Corporation lacks proper records regarding the mushrooming illegal spas operating across the city. Despite police raids exposing widespread violations and lack of health licenses, local authorities have failed to take decisive action.