തിരുവിതാകൂറില് നിന്നും മലബാറിലേക്കുള്ള കുടിയേറ്റ ചരിത്രം രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കുമെന്നു കൃഷി മന്ത്രി ടി.സിദ്ദീഖ്. കുടിയേറ്റത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ചു മലയാള മനോരമ കോഴിക്കോട് തിരുവമ്പാടിയില്‍ സംഘടിപ്പിച്ച സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം
കരളുറപ്പിന്റെ പുറത്ത് നല്ല ജീവിതം തേടി മനുഷ്യര്‍ തിരുവിതാകൂറില് നിന്നു മലബാറിന്റെ മലയിടുക്കുകളിലേക്കു ജീവിതം പറിച്ചു നട്ടതിനു വര്‍ഷം നൂറു തികയുകയാണ്. മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട്,നവകേരളസൃഷ്ടിക്കു വിത്തുപാകിയ ചരിത്ര പ്രയാണത്തെ രേഖപെടുത്തുകയാണു മലയാള മനോരമ ബേബി മെമ്മോറിയല്‍ ആശുപത്രിയുമായി ചേര്‍ന്നു സംഘടിപ്പിച്ച സെമിനാര്‍. കൊടിയേറിയ നൂറുവര്ഷമെന്ന സെമിനാര്‍ കുടിയേറ്റ മേഖലയുടെ ഇന്നത്തെ പ്രശ്നങ്ങളും ചര്ച്ചയിലേക്കെടുത്തു. കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി കാണുന്ന വനം വകുപ്പ് നടപടിക്കെതിരെ പറഞ്ഞു താമരശേരി ബിഷപ്പ് തന്നെ തുടക്കമിട്ടു
കുടിയേറ്റത്തിന്റെ ചരിത്രം സുവർണ ലിപികളിൽ രേഖപ്പെടുത്തേണ്ടതാണെന്നും പ്രാദേശിക തലത്തിൽ ചർച്ച ചെയ്ത് അതിന് കൃത്യമായ രൂപ രേഖ ഉണ്ടാക്കുമെന്നും സമാപന ചടങ്ങിനെത്തിയ മന്ത്രി ടി. സിദ്ദീഖ് ഉറപ്പു നൽകി. ചടങ്ങില്‍ മലയാള മനോരമ സീനിയർ കോ–ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ,വികാർ ഫാ.തോമസ് നാഗപറമ്പിൽ എന്നിവർ പ്രസംഗിച്ചു.